കോട്ടയം: മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യുന്ന മദ്യത്തിനും മയക്കുമരുന്നുകൾക്കുമെതിരേ ബോധവത്കരണവും പ്രതിഷേധവും സമന്വയിപ്പിച്ചു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 മുതൽ ഡിസംബർ രണ്ടു വരെ വിമോചന യാത്ര നടത്തും. തിരുവനന്തപുരം മുതൽ കാസർഗോഡു വരെയാണ് യാത്ര. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ ജനറൽ ക്യാപ്റ്റനായി യാത്ര നയിക്കും.
രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും വിവിധ അവകാശവാദങ്ങൾ ഉന്നയിച്ചു തലങ്ങും വിലങ്ങും നടത്തുന്ന കേരള യാത്രകളിൽനിന്നു വ്യത്യസ്തമായി ഇളംതലമുറയ്ക്കു ലഹരിമരുന്ന് വിപത്തിനെക്കുറിച്ചു ശക്തമായ ബോധ്യം ലഭിക്കത്തക്ക വിധം വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്പർശിച്ചാണ് സന്ദേശയാത്ര കടന്നുപോകുന്നത്. യാത്രയ്ക്കായി 26 അടി നീളവും 12 അടി പൊക്കവും എട്ട് അടി വീതിയുമുള്ള ഹെലികോപ്ടർ മാതൃക നിർമി ക്കും.
15ന് തിരുവനന്തപുരത്തു സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം, ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ, കവയിത്രി സുഗതകുമാരി ടീച്ചർ, വി.എം. സുധീരൻ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, വി.ഡി. രാജു, വൈ. രാജു, യോഹന്നാൻ ആന്റണി, ഫാ. ജോണ് അരീക്കൽ, ഫാ. ലെനിൻരാജ്, ഫാ. ഡോണി, എഫ്.എം. ലാസർ, ജോസ് ചെന്പിശേരി, രാജൻ ഉറുന്പിൽ, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ബനഡിക്ട് ക്രിസോസ്റ്റം, ആന്റണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേൽ, തങ്കച്ചൻ വെളിയിൽ, ഷിബു കാച്ചപ്പിള്ളി, തങ്കച്ചൻ കൊല്ലക്കൊന്പിൽ എന്നിവർ പ്രസംഗിക്കും.