യഥാർഥ ഹെലികോപ്റ്ററിനെ വെല്ലുന്ന ഹെലികോപ്റ്ററിന്റെ മാതൃക നിർമിച്ച് ബിജു പറശിനി. ഏറെ നാളത്തെ ആഗ്രഹമാണ് ഹെലികോപ്റ്റർ നിർമിതിയിലൂടെ സഫലീകരിച്ചത്. ആറുദിവസം കൊണ്ട് ജിഐ ഷീറ്റ്, മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ്
ഹെലികോപ്റ്റർ നിർമാണം ബിജു പൂർത്തിയാക്കിയത്. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്കിഡ്, പറന്നുയരാൻ സഹായിക്കുന്ന വലിയ പങ്ക, നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റുകൾ, പൈലറ്റിനു ഹെലികോപ്റ്റർ ചലിപ്പിക്കുവാനുള്ള കാബിൻ ഏരിയ എന്നിവ അടക്കം ഹെലികോപ്റ്ററിന്റെ ഉൾഭാഗത്തു സജ്ജമാക്കിയിട്ടുണ്ട്.
മെറ്റൽ ആർട്ടും മെറ്റൽ ഫാബ്രിക്കേഷൻ വർക്കുകളും ചെയ്യുന്ന ബിജു ധർമശാലയിൽ നടന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ ഭീമൻ ഗിറ്റാറും കമാനങ്ങളും സംസ്ഥാന ബഡ്സ് കലോത്സവത്തിന്റെ ഭാഗമായി തലശേരി ബ്രണ്ണൻ കോളജ് കാമ്പസിൽ നിർമിച്ച മനോഹരമായ പൂമ്പാറ്റകളും ബിജുവിന്റെ മെറ്റൽ ആർട്ടിലൂടെ രൂപം കൊണ്ടവയാണ്. ചെറുതും വലുതുമായ നിരവധി നിർമിതികൾ നിർമിച്ചിട്ടുണ്ട്.
റസ്റ്റോറന്റായി ഉപയോഗിക്കാൻ സാധിക്കുന്ന വലിയ ബസിന്റെ മാതൃക, മനോഹരമായ ഒരു മരം തുടങ്ങിയ പുതിയ പദ്ധതികളാണ് അടുത്തതായി ചെയ്യുന്നത്. ബിജുവിന്റെ ഇത്തരത്തിലുള്ള മെറ്റൽ ആർട്ടിന് ആവശ്യക്കാർ ഏറെയാണ്. 2004 കാലഘട്ടത്തിൽ വെൽഡിംഗ് ജോലി പഠിക്കാനായി കണ്ണൂർ എൻജിനിയറിംഗ് കോളജിന് സമീപമുള്ള ഷോപ്പിൽ ജോലി ചെയ്യുമ്പോഴാണ് ബിജുവിന് മെറ്റൽ ആർട്ടിൽ താത്പര്യം ഉടലെടുത്തത്.
അന്ന് എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ വിവിധ മോഡലുകൾ നിർമിക്കുന്നതിനായുള്ള ഫ്രെയിം നിർമിക്കാൻ ഈ വെൽഡിംഗ് ഷോപ്പിൽ വരുമായിരുന്നു. ഈ നിർമ്മിതികളാണ് ബിജുവിനെ മെറ്റൽ ആർട്ടിലേക്ക് ആകർഷിച്ചത്. പറശിനിക്കടവ് റെഡ്സ്റ്റാർ ക്ലബിന്റെ സജീവപ്രവർത്തകനാണ്. അമ്മ ജാനകിയും ഭാര്യ അഖിലയും മക്കളായ ആദവും ആദ്വികും കരുത്തായി ബിജുവിന്റെ കൂടെയുണ്ട്.