മുംബൈ: മുംബൈയിൽനിന്ന് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പോയ പവൻഹൻസ് ഹെലികോപ്റ്റർ തകർന്നു മലയാളിയടക്കം നാല് പേർ മരിച്ചു. ചാലക്കുടി സ്വദേശി വി.കെ. ബാബുവാണ് മരിച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണ് കാണാതായിരിക്കുന്ന മലയാളികൾ. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കണ്ട്രോൾ വിഭാഗം അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.