തൃശൂർ: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഇതുവരെ ചെലവാക്കിയതു കോടികൾ. ജിഎസ്ടി ഉൾപ്പെടെ 22,21,51,000 രൂപയാണു സർക്കാർ നൽകിയത്.
ഹെലികോപ്റ്ററിന്റെ മാസവാടകയും ജീവനക്കാരെ സംരക്ഷിക്കുന്നതിനും മാത്രം 21,64,79,000 രൂപ നൽകി.
പാർക്കിംഗ് ഫീസ് 56,72,000 രൂപ! ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞ മേയ് 13ന് അവസാനിച്ചു.
അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ വിവരവാകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ.
ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനുശേഷം എത്ര തവണ ഉപയോഗിച്ചുവെന്ന ചോദ്യത്തിന്, പൂർണമായ വിവരങ്ങൾ ലഭ്യമല്ല എന്നാണു മറുപടി.
മാവോയിസ്റ്റ് ഓപ്പറേഷന് എപ്പോഴെങ്കിലും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും, വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നാണു പോലീസ് അധികൃതരുടെ മറുപടി.
സംസ്ഥാനത്തു മാവോയിസ്റ്റ് ഓപ്പറേഷനു ഹെലികോപ്റ്റർ അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
എന്നാൽ നാളിതുവരെ മാവോയിസ്റ്റ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
ദുരന്തസ്ഥലങ്ങളിലും മറ്റാവശ്യങ്ങൾക്കു പോകുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു.
ഇതിനിടെ സമ്മേളനത്തിനു മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതു വിവാദമാകുകയും ചെയ്തിരുന്നു.