തൃശൂർ: നഗരത്തിന്റെ മുകളിലൂടെ ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നതു ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ഒന്നല്ല, നാലു ഹെലികോപ്റ്ററുകളാണ് ഇങ്ങനെ പറന്നത്. കാര്യമന്വേഷിച്ച് ആളുകൾ പോലീസിനെയും മാധ്യമസ്ഥാപനങ്ങളിലും വിളിച്ചു ചോദിച്ചു.
സംഭവമറിഞ്ഞപ്പോഴാണ് ആളുകൾക്കു ആശ്വാസമായത്. ഇതൊരു തുടക്കം മാത്രമാണ്. ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇനിയും ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കും.
സംഭവമിതാണ്. തൃശൂർ നഗരത്തിൽ നാല് വൻകിട ബിസിനസുകാർക്കാണു സ്വന്തമായി ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും ഉള്ളത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഹെലികോപ്റ്ററുകളും വെറുതെയിട്ടിരിക്കയാണ്.മറ്റു വാഹനങ്ങൾ പോലെ ഇതും വെറുതെയിട്ടാൽ ചിലപ്പോൾ പണി കിട്ടും.
അതിനാൽ ഇടയ്ക്കിടയ്ക്കു നഗരത്തിനു മുകളിലൂടെയും മറ്റും പറപ്പിക്കുകയാണെന്നു മാത്രം. കഴിഞ്ഞ മാസവും സമാനമായി രാത്രിയിൽ ഹെലികോപ്റ്ററുകൾ ഏറെ നേരം ആകാശത്ത് വട്ടമിട്ടു പറന്നതു പരിഭ്രാന്തിയിലാക്കിയിരുന്നു.
എന്നാൽ, അത് നേവിയുടെ പരിശീലന പറക്കലായിരുന്നു. വ്യവസായികളായ എം.എ. യൂസഫലി, ജോയ് ആലുക്കാസ്, കല്യാണ്‍ ഗ്രൂപ്പ്, ബോബി ചെമ്മണ്ണൂർ എന്നിവർക്കൊക്കെയാണു ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളുമുള്ളത്.