തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഇരട്ട എന്ജിന് ഹെലികോപ്ടർ തലസ്ഥാനത്തെത്തിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഹെലികോപ്ടർ യാത്രക്ക് തയാറാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി ആഭ്യന്തരവകുപ്പാണ് ഹെലികോപ്ടർ വാടകക്കെടുത്തിരിക്കുന്നത്. എസ്എപി ക്യാന്പിലാണ് ഹെലികോപ്ടർ ഇപ്പോൾ ഉള്ളത്.
സുരക്ഷ പരിശോധനകൾ ഇന്ന് നടത്തും. ചിപ്സണ്‍ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാസം 80 ലക്ഷം രൂപയാണ് വാടക. പ്രതിമാസം 25 മണിക്കൂർ ഈ തുകയ്ക്ക് പറക്കാം.
തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം കൊടുക്കണമെന്നാണ് സർക്കാരും ഏവിയേഷൻ കന്പനിയും തമ്മിലുള്ള കരാർ. മൂന്നു വർഷത്തേക്കാണ് കരാർ.
കടുത്ത സാന്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിനെതിരേ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ഇതേത്തുടർന്ന് നേരത്തെ തീരുമാനത്തിൽ നിന്നു സർക്കാർ പിന്നോട്ട് പോയെങ്കിലും പിന്നീട് ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തതെന്ന വിമർശനം ശക്തമായതോടെ മാവോയിസ്റ്റ് നിരീക്ഷണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആവശ്യത്തിനുമാണ് ഹെലികോപ്ടർ വാടകക്കെടുത്തിരിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.
മാര്‍ച്ചിലെ മന്ത്രിസഭായോഗത്തിെല തീരുമാനം അനുസരിച്ചാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്.