രാമപുരം: ഹെലികോപ്ടർ സാധാരണയിലും വളരെ താഴ്ന്നു പറന്നത് ജനങ്ങളിൽ ആശങ്ക പടർത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ മറ്റത്തിപ്പാറ, രാമപുരം, കുറിഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്.
ഹെലികോപ്ടറിന്റെ ശക്തിയേറിയ കാറ്റടിച്ച് മറ്റത്തിപ്പാറയിൽ നിരവധി ആളുകളുടെ കൃഷി നശിച്ചു. ഏകദേശം 30 അടി ഉയരത്തിലാണ് ഹെലികോപ്ടർ പറന്നത്. ഒരു മണിക്കൂറോളം സമയം ഹെലികോപ്ടർ ഈ പ്രദേശങ്ങളിൽ കറങ്ങിയതായി നാട്ടുകാർ പറഞ്ഞു. നിരവധി പേർ ഇതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ടുണ്ട്.
ഇന്ത്യൻ നേവിയുടെ 560 നന്പർ ഹെലികോപ്ടറാണ് വട്ടമിട്ട് പറന്നത്. രാമപുരം, കടനാട് പഞ്ചായത്തുകളിലെ ജനങ്ങൾ ആദ്യം കൗതുകത്തോടെയാണ് ഇത് കണ്ടതെങ്കിലും പിന്നീട് ഇത് തകർന്നു വീഴുമോയെന്ന ഭീതിയിലായി.
കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഹെലികോപ്ടർ ഇത്രയും സമയം ഈ പ്രദേശങ്ങളിൽ താഴ്ന്ന് പറന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കടനാട് പഞ്ചായത്ത് മറ്റത്തിപ്പാറ സ്വദേശി സിബി മൈക്കിൾ വെള്ളരിങ്ങാട്ട് മേലുകാവ് പോലീസിൽ പരാതി നൽകി.നേവിയുടെ പരിശീലനപ്പറക്കലിന്റെ ഭാഗമാകാമിതെന്നും സിവിൽ ഏവിയേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും എസ്ഐ എസ്. സന്ദീപ് പറഞ്ഞു.