പരിശീലനപ്പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട റണ്‍വേ തുറന്നു.
പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിനു പിന്നാലെയാണ് റണ്‍വേ അടച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.25നുണ്ടായ അപകടത്തെ തുടര്‍ന്ന് അടച്ച റണ്‍വേ, രണ്ടു മണിക്കൂറിനു ശേഷമാണ് തുറന്നത്.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ റണ്‍വേയില്‍നിന്ന് മാറ്റുന്നതിനും സുരക്ഷാ പരിശോധനകള്‍ക്കുമായാണ് റണ്‍വേ അടച്ചിട്ടത്.
കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.
വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം.
കോസ്റ്റ് ഗാര്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തില്‍ നിന്നു വീഴുകയായിരുന്നു.
പ്രധാന റണ്‍വേയില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലെയാണ് വീണത്. മൂന്നു പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഇതില്‍ ഒരാള്‍ക്കു പരുക്കേറ്റു. ഹെലികോപ്റ്റര്‍ പൈലറ്റ് സുനില്‍ ലോട്ലയ്ക്കാണു പരുക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായം നല്കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.
സംഭവവുമായി ബന്ധപ്പെട്ടു കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹെലികോപ്റ്റര്‍ തകര്‍ന്നു വീണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റണ്‍വേയുടെ വശങ്ങളില് ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം.