തിരുവനന്തപുരം: ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ സെക്രട്ടറിയുടെ വിശദീകരണം തേടി. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യനോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും സംഭവത്തിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഡിസംബർ 26നു തൃശൂരിലെ പാർട്ടിസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരിച്ചു പാർട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ പണം ദുരന്തനിവാരണ ഫണ്ടിൽനിന്ന് വക മാറ്റാനാണ് നിർദേശിച്ചിരുന്നത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യനാണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എട്ടു ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്.
ഉത്തരവ് ചാനലുകളിൽ വാർത്തയായതോടെ നടപടി റദ്ദാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം പുറത്തിറക്കി. പണം നൽകാൻ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിൽ അറിയിച്ചു.