സിഡ്നി: വാഹനത്തിൽപോകുമ്പോൾ വിശന്നാൽ എന്തുചെയ്യും. സ്വഭാവികമായി അടുത്ത ഭക്ഷണ ശാലയിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കും. വാഹനം ഹെലികോപ്റ്ററാണെങ്കിലോ. വിശപ്പിന് ഹെലികോപ്റ്ററെന്നോ കാറെന്നോ ബൈക്കെന്നോ വല്ലതുമുണ്ടോ? വിശന്നാൽ ഭക്ഷണം കഴിക്കണം അത്രതന്നെ..! വിശന്നു കുടലുകരിഞ്ഞ പൈലറ്റും അതേ ചെയ്തുള്ളു.
വിശന്നപ്പോൾ അടുത്ത മക്ഡൊണാൾഡ് ഭക്ഷണശാലയ്ക്കു സമീപത്തെ പുൽത്തകിടിയിൽ ഹെലികോപ്റ്റർ ഇറക്കി. പിന്നീട് പുറത്തിറങ്ങി നേരെ റസ്റ്ററന്റിൽ ചെന്ന് ഭക്ഷണപ്പൊതി വാങ്ങി തിരിച്ചെത്തി കൂളായി ഹെലികോപ്റ്റർ പറത്തിപോകുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു സംഭവം. ഓസ്ട്രേലിയൻ വാർത്താ ചാനലായ 9 ന്യൂസ് ഓസ്ട്രേലിയയാണ് ഇത് പുറത്തുവിട്ടത്. സംഭവം മൊബൈൽ കാമറിയിൽ പകർത്തിയ ആരോ ചാനലിന് കൈമാറുകയായിരുന്നു. ഇതോടെ സംഭവം വാറലാകുകയും ചെയ്തു.
റസ്റ്റോറന്റിനു സമീപത്തെ പുൽത്തകടിയിലാണ് പൈലറ്റ് ഹെലികോപ്റ്റർ ഇറക്കിയത്. തൊപ്പിവച്ച് പുറത്തിറങ്ങിയ പൈലറ്റ് നേരെ പോയത് മക്ഡൊണാൾഡ് ഫുട്കോർട്ടിലേക്ക്. അദ്ദേഹം റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഹെലികോപ്റ്ററിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
സംഭവം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഓസ്ട്രേലിയ വ്യോമയാന സുരക്ഷാ വിഭാഗം അറിയിച്ചു. സ്ഥല ഉടമയോട് അനുമതിവാങ്ങിയാൽപോലും ഇത് നിയമവിരുദ്ധമാണെന്നും വ്യോമയാന സുരക്ഷാ വിഭാഗം പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിശപ്പിന്റെ അസുഖമുള്ള ആ പൈലറ്റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.