പർവതാരോഹണത്തിനിടെ പരിക്കേറ്റ പ്രായമായ സ്ത്രീയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുവാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ട്രെച്ചറിൽ കിടത്തിയ ഇവരെ വടത്തിന്റെ സഹായത്താൽ മുകളിലേക്ക് വലിച്ച് ഹെലികോപ്റ്ററിനുള്ളിൽ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ശക്തിയായ കാറ്റിൽ ഇവർ കിടന്ന സ്ട്രക്ച്ചർ അന്തരീക്ഷത്തിൽ വട്ടം കറങ്ങുകയായിരുന്നു.
അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സ് മലനിരകളിൽ കൂടി പർവതാരോഹണം നടത്തുന്നതിനിടെയാണ് 74 വയസുകാരിയായ വൃദ്ധയ്ക്ക് പരിക്കേറ്റത്. തെന്നി നിലത്തു വീണ ഇവരുടെ മുഖത്തും തലയ്ക്കുമാണ് പരിക്കേറ്റത്.
തുടർന്ന് അധികൃതർ അറിയിച്ചതനുസരിച്ചെത്തിയ ഹെലികോപ്റ്ററിൽ ഇവരെ കയറ്റുവാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പിന്നീട് ഇവരെ സുരക്ഷിതമായി ഹെലികോപ്റ്ററിനുള്ളിൽ കയറ്റുവാൻ സാധിക്കുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.