ഭരണങ്ങാനം: ഓർമകൾ ഒഴുകിയെത്തിയപ്പോൾ ഹെലന്റെ ചേതനയറ്റ ശരീരത്തിലേക്കു നോക്കാനാവാതെ കൂട്ടുകാരും അധ്യാപകരും സങ്കടത്തിന്റെ നിലയില്ലാക്കയത്തിലായി. ഒഴുക്കിൽപ്പെട്ട് മരിച്ച ഹെലൻ അലക്സി (13)ന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്കൂൾ സാക്ഷിയായത്. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകളാണ് ഹെലൻ.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഹെലൻ ബുധനാഴ്ച സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ചിറ്റാനപ്പാറയ്ക്കു സമീപം തോട്ടിലേക്കു കാൽ വഴുതിവീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 23 കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട് മൂന്നിന് ഏറ്റുമാനൂർ പേരൂരിലെ വേണാട്ടുമാലി പഞ്ചായത്തുകടവിൽനിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആറ്റിലൂടെ ഒഴുകിവരികയായിരുന്നു.
ഹെലന്റെ ഒപ്പമുണ്ടായിരുന്ന നി
വേദ്യ എന്ന കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി വരെ നീണ്ട തെരച്ചിലിൽ ഹെലനെ കണ്ടെത്താനായില്ല. ഇന്നലെയും തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം പേരൂരിൽ കണ്ടെത്തിയത്. വൈകിട്ട് മൂന്നിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കും. മാതാവ്: കരൂർ പരമല മഞ്ജു. സഹോദരൻ: അലൻ
“അവൾ ഒഴുകിപ്പോയി… കൺമുന്നിലൂടെ…’
മൂന്നാനി: കണ്മുന്നിലൂടെ സ്കൂള്‍ കുട്ടി ഒഴുകിപ്പോകുന്നതുകണ്ട് ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് മൂന്നാനി സ്വദേശിയായ കളരിയാമ്മാക്കല് കുഞ്ഞൂഞ്ഞ് എന്ന് എല്ലാവരും വിളിക്കുന്ന ബിജു.
കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യല്‍ സ്കൂളിന്റെ ഡ്രൈവറായ ബിജു കുട്ടികളെ ഇറക്കുന്നതിനായി അയ്യമ്പാറയില്‍ എത്തിയപ്പോഴാണ് കണ്മുമ്പില് സംഭവം നടന്നത്. തോട് കവിഞ്ഞ് ശക്തമായ നിലയിലാണ് വെള്ളം റോഡില്‍ കയറി ഒഴുകിയത്. റോഡിലെ വെള്ളം കണ്ട് ബിജു ബസ് നിര്‍ത്തിയിടുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഹെലനും (മരിയ) നിവേദ്യയും ആദ്യം വെള്ളത്തില്‍ വീണു. തുടര്‍ന്ന് ഹെലന് ഒഴുക്കില്‍പ്പെട്ടു. ബസില്‍നിന്നിറങ്ങി ഓടിച്ചെന്നെങ്കിലും ഒഴുക്കില്‍പ്പെട്ട ഹെലനെ രക്ഷിക്കാനായില്ല.
എന്നാല്‍ നിവേദ്യയെ രക്ഷപ്പെടുത്താൻ സാധിച്ചു. ഒഴുക്കില്‍പ്പെട്ട ഹെലന്റെ പിന്നാലെ രക്ഷിക്കാനായി കുറേ ദൂരം ബിജു ഓടി.അതിശക്തമായ വെള്ളവും പാറക്കൂട്ടങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനത്തിനു തടസമായത്.
രക്ഷപെട്ട നിവേദ്യയെ അടുത്ത വീട്ടില്‍ ആക്കിയ ശേഷമാണ് ബിജു സ്കൂള്‍ ബസും തകര്‍ന്ന മനസുമായി മടങ്ങിയത്. ഇടപ്പാടി കുന്നിൽ സജിയുടെ മകളാണ് രക്ഷപ്പെട്ട നിവേദ്യ..