പത്തനംതിട്ട: ദുരന്തനിവാരണ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് തലത്തിലും ഹെലിപ്പാഡിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍ പി. ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തില്‍ തീരുമാനമായി. ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിന് വില്ലേജ് ഓഫീസര്‍മാര്‍ മുഖേന സ്ഥലം കണ്ടെത്തുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ഇതനുസരിച്ച് തയാറാക്കുന്ന പട്ടിക റവന്യു, ഫയര്‍ ആന്‍ഡ് റെസ്ക്യു, പോലീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നീ വകുപ്പുകള്‍ക്ക് നല്‍കും. അംഗീകാരം ലഭിക്കുന്ന ലിസ്റ്റ് ജിപിഎസ് ലൊക്കേഷന്‍ ഉള്‍പ്പെടെ ജില്ലാ ദുരന്തനിവാരണ പദ്ധതില്‍ ഉള്‍പ്പെടുത്തും.
നീണ്ടകര ഫിഷിംഗ് ഹാര്‍ബറുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ബോട്ടുകള്‍ ലഭ്യമാക്കുന്നതിനുളള നമ്പറുകള്‍ ശേഖരിച്ച് ദുരന്തനിവാരണ പദ്ധതിലയിൽ ഉള്‍പ്പെടുത്തും.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിപ്പിക്കാവുന്ന സ്കൂളുകള്‍, കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്തി അവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി താലൂക്ക് തലത്തില്‍ പട്ടിക തയാറാക്കി ജിപിഎസ് ലൊക്കേഷന്‍ സഹിതം ദുരന്തനിവാരണ വിഭാഗത്തില്‍ ക്രോഡീകരിച്ച് സൂക്ഷിക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ പ്രളയത്തെത്തുടര്‍ന്ന് അനൗദ്യോഗിക ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച കെട്ടിടങ്ങള്‍ വില്ലേജ് തലത്തില്‍ കണ്ടെത്തി അവയെ പ്രത്യേകമായി ലിസ്റ്റ് ചെയ്യും. ഓരോ വില്ലേജിലും വെള്ളം കയറാത്ത കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാവുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി, താമസിക്കാവുന്ന ആളുകളുടെ എണ്ണം ഉള്‍പ്പടെ ലിസ്റ്റ് തയാറാക്കും.
അപ്പര്‍ കുട്ടനാട് പ്രദേശം, ആറന്മുള, കോഴഞ്ചേരി, റാന്നി, അടൂര്‍ എന്നീ താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ സംയുക്തമായി പ്രദേശങ്ങളിലെ സുരക്ഷിത ക്യാമ്പുകള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയാറാക്കും. ദുരന്തനിവാരണ പദ്ധതി പുതുക്കുന്നതിന് ആവശ്യമായ വിവര ശേഖരണം നടത്തുകയും 13ന് വകുപ്പ് തലത്തില്‍ ഉദ്യോഗസ്ഥരുടെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുകയും ചെയ്യും.
ജില്ലയില്‍ മുങ്ങി മരണങ്ങള് വര്‍ധിച്ച സാഹചര്യത്തില്‍ മുങ്ങി മരണം, തീപിടിത്തം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നീ വിഷയങ്ങളില്‍ മോക്ക് ഡ്രില്‍ നടത്തുന്നത് യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി തയാറാക്കി നോഡല്‍ ഓഫീസറെ നിയമിച്ചും ഓരോ വകുപ്പിന്റെയും ദുരന്തനിവാരണ പദ്ധതിയുടെ ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ നല്‍കും.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ ഉള്‍പ്പെടുത്തി പുതുക്കും. ജില്ലയിലെ എല്ലാ വകുപ്പുകളും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട ഐഡിആര്‍എന്‍ ഡേറ്റ ഇന്‍വെന്ററി തയാറാക്കി സമര്‍പ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.