ഏറ്റുമാനൂർ: നാവിക സേനയുടെ ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 11നു ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്താണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്.
ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് വാഹന പെയിന്റിംഗ് വർക്ക്ഷോപ്പിന്റെ മേൽക്കൂരയായിരുന്ന ടാർ പോളിൻ ഷീറ്റ് പറന്നു പോവുകയും ചെയ്തിരുന്നു.
കട്ടിപ്പറന്പിൽ എം.ഡി. കുഞ്ഞുമോന്റ (51) വീടിനോടു ചേർന്നുള്ള പെയിന്റിംഗ് വർക്ക് ഷോപ്പിന്റെ ടാർപോളിനും വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളുമാണ് തകർന്നത്.
പ്രദേശത്ത് ആകെ പൊടി നിറയുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്തു വർക്ക് ഷോപ്പിലുണ്ടായിരുന്നവർ ഇറങ്ങിയോടി.
കാൻസർ രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. 25,000 രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. വർക്ക് ഷോപ്പിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുഞ്ഞുമോന്റ കുടുംബം പുലരുന്നത്.
ഹെലികോപ്റ്റർ താഴ്ന്നു പറന്നതിന്റെ കാരണമാണ് പോലീസ് അന്വേഷിച്ചിക്കുന്നത്. കോട്ടയം അഡീഷണൽ എസ്പി എസ്. സുരേഷ് കുമാറിന്റെ നിർദേശാനുസരണമാണ് ഏറ്റുമാനൂർ പോലീസ് അന്വേഷണം നടത്തുന്നത്.