കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വിവാദത്തിലായതോടെ സൃഷ്ടിക്കപ്പെട്ട അവിശ്വാസത്തിന്റെ വിടവിലേക്ക് ഹലോയെന്ന സോഷ്യൽ നെറ്റ്വർക്കിംഗ് ആപ്പുമായി ഓര്‍ക്കുട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ രംഗത്ത്.
ഫേസ്ബുക്കിനു മുന്‍പ് ഈ രംഗത്ത് ഇടംപിടിച്ച മാധ്യമമാണ് ഓര്‍ക്കുട്ട്. എന്നാൽ, രംഗത്തെത്തി കുറഞ്ഞകാലം കൊണ്ടുതന്നെ ഫേസ്ബുക്ക് ജനഹൃദയങ്ങളിൽ ഇടംനേടി. അതോടെ, ഒാർക്കുട്ട് പതിയെ കളത്തിനു പുറത്തായി. 2014 സെപ്റ്റംബറിൽ ഒാർക്കുട്ട് പൂർണമായും പ്രവർത്തം അവസാനിപ്പിച്ചു.
നാലു വർഷങ്ങൾക്കിപ്പുറം ഫേസ്ബുക്ക് തളരുന്പോൾ കരുത്തോടെ തിരിച്ചുവരാനാണ് ബയുകൊക്ടിൻ ശ്രമിക്കുന്നത്. ഫേസ്ബുക്ക് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 25 കോടി ഉപയോക്താക്കളുണ്ട്. ബുധനാഴ്ച, ഇന്ത്യയിലെ ഹലോയുടെ ലോഞ്ചിംഗ് സമ്മേളനത്തിൽ പങ്കെടുത്ത കോക്ടിൻ സ്വപ്നം കാണുന്നതും ഈ ഉരുക്കുകോട്ടയുടെ അധീശത്വമാണ്.
അവിശ്വാസം സൃഷ്ടിച്ച വിടവിലൂടെ നുഴഞ്ഞുകയറാനാണ് കൊക്ടിൻ ശ്രമിക്കുന്നത്. കൊക്ടിൻ വലിയ പ്രതീക്ഷയിലാണ്. ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ മികച്ച സ്വീകാര്യത കിട്ടിയ രാജ്യങ്ങളില്‍ ബ്രസീലിനൊപ്പം ഇന്ത്യയും ഉണ്ടായിരുന്നു എന്നതുതന്നെ കാരണം. ഇന്ത്യയില്‍ ബുധനാഴ്ചയായിരുന്നു ഹലോയുടെ ലോഞ്ചിംഗ്.
നിലവില്‍ അമേരിക്ക, കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളിലാണു ഹലോയുള്ളത്. ആധികാരികവും അര്‍ഥപൂര്‍ണവും പോസിറ്റീവുമായ സാമൂഹ്യ ഇടപെടലിനു വേണ്ടിയാണ് ഈ ആപ്പെന്നാണ് ബയുകൊക്ടിനും സംഘവും അവകാശപ്പെടുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു കോക്ടിൻ വ്യക്തമാക്കി.
പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കുമപ്പുറം ഫേസ്ബുക്കിനും വാട്സ്ആപ്പിനും ട്വിറ്ററിനും ഇന്‍സ്റ്റഗ്രാമിനും വെല്ലുവിളി ഉയർത്താൻ ഹലോയ്ക്കു കഴിയുമോയെന്ന വലിയ ചോദ്യം ഇനി ബാക്കി. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ് സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ള ഹലോ ആപ് ഇതിനോടകംതന്നെ പത്തു ലക്ഷത്തിൽപരം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.