ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ സാധാരണ ഗതിയില്‍ പിഴയാണ്, നിയമം ലംഘിക്കുന്നവര്‍ക്ക് പോലീസിന്റെ വകയായി ലഭിക്കുന്നത്. എന്നാല്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിനു പിഴയടച്ചവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് കേരളാ പോലീസ്. ട്രാഫിക് പോലീസിന്റെ വാഹനപരിശോധനയില്‍ ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ പിഴയടച്ചവര്ക്കാണ് സൗജന്യമായി ഹെല്‍മറ്റ് വിതരണം ചെയ്തത്.
കോഴിക്കോട് സിറ്റി ട്രാഫിക് പോലീസാണ് ഇത്തരത്തില്‍ മാതൃകയായത്. നൂറ് രൂപ പിഴയടച്ചവര്‍ക്ക് ഐഎസ്ഐ അംഗീകാരമുള്ള ഹെല്‍മറ്റ് സൗജന്യമായി ട്രാഫിക് കമ്മീഷണര്‍ നല്‍കുകയായിരുന്നു. ഹെല്‍മറ്റ് സൗജന്യമായി വിതരണം ചെയ്തു തുടങ്ങിയതോടെ പിഴയടയ്ക്കാന്‍ ഹെല്മറ്റില്ലാത്തവരുടെ നീണ്ട നിരയായിരുന്നു. തലയിലുള്ള ഹെല്‍മറ്റ് ഊരിവെച്ച് പിഴയടക്കാന്‍ പോയവരും കൂട്ടത്തിലുണ്ട്.
ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നതിന്റെ വിപത്ത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് സൗജന്യ ഹെല്‍മറ്റ് വിതരണത്തിലൂടെ പോലീസ് ലക്ഷ്യമിട്ടത്. ഇരുചക്രവാഹനാപകടം പെരുകുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ഇത്തരമൊരു പ്രവര്‍ത്തനത്തിന് പോലീസ് മുന്നിട്ടിറങ്ങിയത്. വാഹനാപകടത്തില്‍ ഹെല്‍മറ്റിന് കേടുപാടുകള്‍ സംഭവിച്ചാലും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ വക സൗജന്യ ഹെല്‍മറ്റ് കിട്ടും.