തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്. ഇരു ചക്രവാഹനങ്ങളിൽ പ്രിയപ്പെട്ടവരുമായി ഹെൽമറ്റ് ധരിച്ചു നിൽക്കുന്ന ഫോട്ടോ അയച്ചാൽ മികച്ചവ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കാമെന്നാണ് കേരള പോലീസിന്റെ വാഗ്ദാനം. വിവരങ്ങൾ സഹിതം [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണമെന്നും വാഹനം നിർത്തിയ ശേഷം മാത്രം ഫോട്ടോ എടുക്കണമെന്നും പോലീസ് നിർദേശിക്കുന്നു.
അതേസമയം ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. ഹെൽമറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ തുക വാഹനം ഓടിക്കുന്നവരിൽ നിന്നുമാണ് ഈടാക്കുന്നത്.
പരിശോധനയിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവരെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാണ്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് പരിശോധന കർശനമാക്കും. ഹെൽമെറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനു 500 രൂപയാണ് പിഴ.
വാഹന പരിശോധന വീഡിയോയിൽ പകർത്തണമെന്നു ഡിജിപി കർശന നൽദേശം നൽകിയിട്ടുണ്ട്. ഹെൽമെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തിൽ തൊടരുതെന്നും ഡിജിപിയുടെ കർശന നിർദേശമുണ്ട്.