സി.സി സോമൻ
കോട്ടയം: ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കടകളിൽ കച്ചവടം പൊടിപൊടിക്കന്നു. ദിവസം പത്തും പതിനഞ്ചും ഹെൽമറ്റ് വിറ്റിരുന്ന കടകളിൽ കച്ചവടം നാലും അഞ്ചും ഇരട്ടിയായി.
കുട്ടികളുടെ ഹെൽമറ്റിനാണ് ഇപ്പോൾ ആവശ്യക്കാരേറെ. ഇന്നലെ വിൽപ്പന നടത്തിയതിൽ ഏറിയതും കുട്ടികൾക്കുള്ള ഹെൽമറ്റായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. കോട്ടയത്തെ പ്രമുഖ ഹെൽമറ്റ് കടയായ ജെറോണ്‍ ഹെൽമറ്റ്സിൽ ഇന്നലെ എണ്‍പത് ഹെൽമറ്റ് വിൽപ്പന നടത്തി. ഇവരുടെ ചേർത്തലയിലെ കടയിലും നല്ല കച്ചവടമായിരുന്നുവെന്ന് ഉടമ ചിങ്ങവനം സ്വദേശി ജിജു പറഞ്ഞു.
900രൂപ മുതൽ വിലയുള്ള കുട്ടികളുടെ ഹെൽമറ്റാണ് ഇപ്പോൾ വിപണിയിലുള്ളത്. സ്ത്രീകൾക്കുള്ള ഹാഫ് ഫേസ് ഹെൽമറ്റിനും വിൽപ്പന വർധിച്ചു. സ്ത്രീകളുടെ ഹെൽമറ്റിന് ചെറിയ തോതിലുള്ള ക്ഷാമവും നേരിട്ടിട്ടുണ്ട്. ബ്രാൻഡ് കന്പനികളുടെ 850രൂപ മുതൽ 20,000രൂപ വരെ വിലയുളള ഹെൽമറ്റ് ഇപ്പോൾ വിപണിയിലുണ്ട്.
വില കുറഞ്ഞ ഹെൽമറ്റിനോട് ആളുകൾക്ക് താൽപ്പര്യമില്ലാതായെന്ന് ചില കച്ചവടക്കാർ പറയുന്നു. അഞ്ചു വർഷം മുന്‍പുവരെ താഴ്ന്ന നിലവാരത്തിലുള്ള ഹെൽമറ്റ് മതിയായിരുന്നു പലർക്കും. എന്തെങ്കിലും വച്ചാൽ മതിയെന്ന ചിന്ത ഇപ്പോൾ മാറി. ഗുണവും നിലവാരവും നോക്കിയാണ് ഇപ്പോൾ ഹെൽമറ്റ് വാങ്ങുന്നത്.
1350 രൂപയ്ക്ക് മേൽ വിലയുള്ള ഹെൽമറ്റുകൾ കഴുകി ഉപയോഗിക്കാവുന്നതാണ് എന്നതാണ് പ്രത്യേകത. വരും ദിവസങ്ങളിൽ ഹെൽമറ്റ് കവച്ചവടം ഇതിലും വർധിക്കും. ഒരു വീട്ടിൽ മിനിമം മൂന്നു ഹെൽമറ്റെങ്കിലും ഉണ്ടാകും.