തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നതിനു മുന്‍പായി സംസ്ഥാന വ്യാപകമായി ഒരു മാസത്തെ ബോധവൽക്കരണ പരിപാടിയുമായി ഗതാഗതവകുപ്പ്. ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്താനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് ബോധവത്ക്കരണ പരിപാടി ആരംഭിക്കുക. ഇതിനായി അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ ആലോചനായോഗം നടത്തും. ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
സുപ്രീംകോടതി വിധി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ കത്തു നൽകിയിരുന്നു. കോടതി ഉത്തരവ് പാലിക്കാത്തവർക്ക് പരിരക്ഷ നൽകില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ കടുത്ത നിലപാടിനെ തുടർന്നായിരുന്നു നീക്കം.