ഇലുവുംതിട്ട: ഒരു പോലീസ് ജീപ്പ് വന്നു നിന്നു. പോലീസുകാർക്കൊപ്പം അജാനുബാഹുവായ കാലൻ കയറും കറക്കി ചാടിയിറങ്ങി. കണ്ട് നിന്നവർക്ക് അമ്പരപ്പായി. അമ്പരപ്പ് ആശ്ചര്യത്തിലേക്കും കൗതുകത്തിലേക്കും മാറിയപ്പോഴേക്കും പോലീസ് വാഹന പരിശോധന തുടങ്ങി. ഹെൽമറ്റില്ലാത്തവർക്കും സീറ്റ് ബൽറ്റ് ധരിക്കാത്തവർക്കും യമലോകത്തെ അനുഭവങ്ങൾ വിവരിക്കുന്നു. ഇതു കേട്ട മാത്രയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിച്ചുകൊള്ളാമെന്ന യാത്രക്കാരുടെ ഉറപ്പ്.
ഹെൽമറ്റ് ധരിച്ചും റോഡ് നിയമങ്ങൾ പാലിച്ചും വന്നവരെ അഭിനന്ദിക്കുകയും മധുരം നല്കുകയും ചെയ്തു. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പോലീസാണ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കാലന്റെ വേഷം കെട്ടിയത് പോലീസുദ്യോഗസ്ഥനായ ഡബ്ല്യു.എ. റഷീദാണ്. പ്രോഗ്രാം ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എസ്ഐ കെ. കെ. സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർഷാ, ആർ. പ്രശാന്ത്, പോലീസുദ്യോഗസ്ഥരായ കെ. എസ്. സജു, ശ്യാംകുമാർ, താജുദീൻ, അനൂപ്, എസ്. ഷാലു, അജിത് എസ്.പി., സമിതിയംഗം ബിനു പല്ലവി എന്നിവർ നേതൃത്വം നല്കി.