തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവര്‍ ഹെൽമെറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും സീറ്റ് ബെൽറ്റുള്ള വാഹനങ്ങളിലെ എല്ലാ യാത്രക്കാരും അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കി.
സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവൽക്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പോലീസ് മേധാവികൾക്കും ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.