എരുമേലി: പോലീസിന്റെ കാമറ കണ്ണുകളിൽ കണ്ട ദൃശ്യം പ്രകാരം ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഡ്രൈവിംഗ് നടത്തിയതിന് നിയമലംഘനത്തിന് പിഴ ചുമത്തി കേസെടുത്ത് നോട്ടീസ് അയച്ചപ്പോൾ മാസം മാറിപ്പോയി. അത് ഫേസ്ബുക്കിൽ ബൈക്ക് യാത്രികന്റെ സുഹൃത്ത് ട്രോൾ ആക്കി. കേരള പോലീസിനെ അപകീർത്തിപ്പെടുത്തുന്ന നിലയിലായിരുന്നു ആ ട്രോൾ. അത് പുലിവാലായി. ഒടുവിൽ പോലീസ് വിളിപ്പിച്ച് മണിക്കൂറുകൾക്കൊടുവിൽ കേസെടുക്കാൻ നടപടികളായി. കേസെടുത്താൽ ട്രോൾ ഇട്ട യുവാവിന് ജോലി പോകും.
നൂറ് രൂപ പെറ്റി അടച്ചാൽ കേസ് തീരുമെന്നിരിക്കെ സംസ്ഥാനത്തെ പോലീസ് വകുപ്പിനെ മൊത്തം ആക്ഷേപിച്ച ട്രോൾ വെറുതെ വിടാൻ കഴിയില്ലെന്നായി പോലീസ് വകുപ്പ്. കഴിഞ്ഞ ദിവസം എരുമേലി പോലീസ് സംസ്ഥാന പോലീസ് വകുപ്പിന് മുന്പിൽ വിഷമിച്ച സങ്കീർണമായ പ്രശ്നമായിരുന്നു ഇത്. യുവാക്കൾ സംഗതിയുടെ ഗുരുതരം അറിയാതെ പോസ്റ്റിട്ടതാണെന്നറിയിച്ച് ജാമ്യമില്ലാവകുപ്പ് ചുമത്തേണ്ടുന്ന കേസ് ഒഴിവാക്കിയെന്ന് പോലീസ് പറയുന്നു.
ട്രോൾ ഇട്ട യുവാവ് ക്ഷമ ചോദിച്ചത് വകുപ്പിനെ അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് നിരുപാധികമായി വിട്ടയക്കാൻ നിര്ദേശമുണ്ടായത്ത്. എന്നാൽ, രാവിലെ ഏഴിന് സ്റ്റേഷനിൽ വിളിപ്പിച്ചിട്ട് രാത്രി ഏഴിന് വിട്ടെന്നും അത് വരെ സ്റ്റേഷനിൽ തടങ്കൽ ശിക്ഷ നൽകിയെന്നും പ്രചാരണമുണ്ടായി. അതേസമയം പോലീസ് വകുപ്പിനെയാകമാനം അധിക്ഷേപിച്ച ട്രോൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നൂറുകണക്കിന് ആളുകൾ ഷെയർ ചെയ്തിരുന്നു. ഇതോടെ സാദാ പെറ്റി കേസിൽ തീരേണ്ട ഈ സംഭവം പോലീസ് മേധാവി വരെ അറിഞ്ഞു.
പെറ്റി കിട്ടിയ ആളെയും ട്രോൾ ഇറക്കിയ ആളെയും പെട്ടെന്ന് തന്നെ പോലീസുകാർ തിരക്കിപ്പിടിച്ച് സ്റ്റേഷനിൽ വിളിപ്പിക്കുകയായിരുന്നു. ട്രോളിലെ പരാമർശങ്ങൾ ആക്ഷേപ ഹാസ്യത്തിൽ നിൽക്കുന്നതല്ലെന്നും സമൂഹത്തിൽ കേരളാ പോലീസിന്റെ കൃത്യ നിർവഹണത്തെ ആക്ഷേപിക്കുന്നതാണെന്നും പരാമർശങ്ങളുണ്ടായി. മാസം മാറിപ്പോയതിന്റെ പിഴവിനേക്കാൾ ഉപരി ക്രമസമാധാന പാലനത്തിന് ഡ്യൂട്ടിയുടെ സമയം നോക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരെ മൊത്തത്തിൽ പിടിച്ചുപറിക്കാരായി ആക്ഷേപിക്കുന്ന വിധമായിരുന്നു ട്രോൾ എന്ന് പോലീസ് വകുപ്പ് പറയുന്നു.
സിസി കാമറ ദൃശ്യങ്ങളിൽ ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ യുവാവ് സഞ്ചരിക്കുന്നത് വ്യക്തമാണ്. അപകടമുണ്ടായാൽ തുണയാകുന്ന ഹെൽമെറ്റ് ധരിക്കേണ്ടത് നിയമവിധേയവും സ്വയം സുരക്ഷയുമാണ്. എന്നിരിക്കെ തുച്ഛമായ തുക പിഴയിട്ട് ബോധവൽക്കരണം നൽകാൻ ശ്രമിച്ച പോലീസ് നിസാരമായ ഒരു അക്കം തെറ്റിയതിന്റെ പേരിൽ ജനങ്ങളുടെ മുന്പിൽ കൊടും കുറ്റവാളിയായി ആണ് ട്രോളിൽ ചിത്രീകരിക്കപ്പെട്ടതെന്ന് പോലീസ് വകുപ്പ് പറയുന്നു.
പോലീസ് ചെയ്യുന്ന വിലപ്പെട്ട സേവനങ്ങൾ വിസ്മരിപ്പിക്കുകയും സമൂഹത്തിൽ നിയമ വ്യവസ്ഥയെ ഇകഴ്ത്തികാട്ടുകയും ചെയ്ത ട്രോൾ പോലീസ് വകുപ്പിന് അപമാനം ആയതും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമായതും മുൻനിർത്തിയാണ് കേസെടുക്കാൻ നിർദേശം ലഭിച്ചത്. എന്നാൽ, പരാമർശങ്ങളിൽ സംഭവിച്ച വീഴ്ചക്കും തെറ്റായ ട്രോളിനും യുവാവും ബന്ധുക്കളും പോലീസിനോട് മാപ്പ് അഭ്യർഥിച്ചെന്ന് സിഐ ദിലീപ് ഖാൻ പറഞ്ഞു. ഇതോടെ കേസില്ലാതെ വിട്ടയക്കാൻ നിർദേശം ലഭിക്കുകയും വിട്ടയക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.