തൃശൂർ: ഹെൽമറ്റ് നിർബന്ധമാക്കിയതുപോലെ റോഡും സമയബന്ധിതമായി നന്നാക്കാൻ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം. റോഡുകൾ നന്നാക്കാതെ ഹെൽമറ്റ് വയ്ക്കാൻ നിർബന്ധിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം.
ഹെൽമറ്റ് വച്ചാലും കുഴികളിൽ വീണാൽ നടുവൊടിഞ്ഞ് എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അടിയന്തിരമായി റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ഉത്തരവിട്ടിട്ടുപ്പോലും നടപടിയെടുക്കാൻ എൻജിനീയർമാർ തയ്യാറാകുന്നില്ല. മഴ മാറി നിന്നാൽ ഉടൻ റോഡുകൾ നന്നാക്കുമെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ പ്രസ്താവന. എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ ചവറ്റുകൊട്ടയിൽ എറിയുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ജില്ലയിലെ ഒട്ടു മിക്ക റോഡുകളും തകർന്നു കിടക്കുകയാണ്. വൻ ചതിക്കുഴികളാണ് ഒട്ടുമിക്ക റോഡുകളിലുമുള്ളത്. രാത്രി മാത്രമല്ല പകലിലും വൻ കുഴികളിൽ ബൈക്കുകാർ വീണ് പരിക്കേൽക്കുന്നത് പല ഭാഗങ്ങളിലും നിത്യ സംഭവമായി മാറി. റോഡ് സുരക്ഷ ബോധവൽക്കരണവുമായി രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥരും സംഘടനകളുമൊക്കെ റോഡുകൾ അടിയന്തിരമായി നന്നാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ജനവികാരം.
സംസ്ഥാന റോഡുകൾക്കു പുറമേ ടോൾ കൊടുക്കുന്ന ദേശീയപാതകൾ വരെ തകർന്നു കിടക്കുകയാണ്. കുതിരാൻ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും ആറുവരി പാതയുടെ നിർമാണം പൂർത്തിയാക്കാൻ നടപടിയെടുക്കുന്നില്ല. ഒരു തുരങ്കത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും തുറന്നു കൊടുക്കാനുള്ള നടപടികളും എടുക്കുന്നില്ല.
പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ പലരും അനുകൂലിക്കുന്നുണ്ടെങ്കിലും പ്രാകൃതമായ പോലീസ് പരിശോധനയ്ക്കെതിരെയാണ് പ്രതിഷേധം.
കാമറകൾ വച്ച് പരിശോധന നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രി എ.കെ.ശശിന്ദ്രൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നയുടൻ ലാത്തിയെറിഞ്ഞ് വീഴ്ത്തിയാണ് പോലീസ് പരിശോധന ആരംഭിച്ചിരിക്കുന്നത്. വളവിൽ നിന്നും ഒളിച്ചു നിന്നും വാഹന പരിശോധന നടത്തരുതെന്ന് പോലീസിനോട് നേരത്തെ തന്നെ ഡിജിപി നിർദ്ദേശം നൽകിയിരുന്നെങ്കിലും അതൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.