കോഴിക്കോട്: ഹോട്ട്സ്പോട്ടും ലോക്ക്ഡൗണും വകവയ്ക്കാതെ കൂട്ടത്തോടെ നഗരത്തിലിറങ്ങുന്ന ഇരുചക്രവാഹനയാത്രക്കാർക്കെതിരെ കർശന ഹെൽമറ്റ് വേട്ടയുമായി സിറ്റി പോലീസ്.
നഗരപരിധിയിലെ വിവിധ ചെക്കിംഗ് പോയിന്റുകളിൽ നടക്കുന്ന പരിശോധനയിൽ ഇന്നു രാവിലെ 9.30 നകം 500 ലധികം പേരാണ് കുടുങ്ങിയത്. പിന്നിൽ ആളെയും കയറ്റി നഗരംചുറ്റുന്നത് തടയുകയാണ് ലക്ഷ്യം.
എത്ര മുന്നറിയിപ്പ് നൽകിയിട്ടും മനസിലാക്കാത്തവർക്ക് ഇതാണ് “ചികിതത്സ’യെന്ന് സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് പറഞ്ഞു.കുടുങ്ങിയവരിൽനിന്ന് വിവരമറിഞ്ഞ് പിന്നീട് പലരും യാത്ര ഉപേക്ഷിച്ചതോടെ ഹെൽമറ്റ് വേട്ട ഫലംകണ്ടു. ഹെൽമറ്റ് ഇല്ലാത്തതിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്.
ലോക്ഡൗണിൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള ബാങ്കുകൾ അടക്കം സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റുമാണ് പിൻയാത്രികർക്ക് ഹെൽമറ്റ് ഇല്ലാതെ നഗരത്തിലെത്തിയത്.
ആശുപത്രിയിലേക്ക് രക്തം നൽകാനെന്ന പേരിൽ ബാങ്ക് റോഡിലെ ചെക്കിംഗ് പോയിന്റിൽനിന്ന് രക്ഷപെടാൻ ശ്രമിച്ച വിരുതനെ ടൗൺ ഇൻസ്പെക്ടർ എ.ഉമേഷ് കൈയോടെ പിടികൂടി.
ആശുപത്രിയുടെ പേര് പറഞ്ഞെങ്കിലും ആർക്കാണ് രക്തം വേണ്ടതെന്ന് ബോധ്യപ്പെടുത്താൻ ഇയാൾക്കായില്ല. അതേസമയം യഥാർഥത്തിൽ രക്തം നൽകാൻ കോട്ടപ്പറന്പ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സംഘത്തെ വിട്ടയച്ചു.
യുവജനക്ഷേമ ബോർഡിന്റെ കത്തുമായാണ് ഇവർ സംഘമായി ബൈക്കുകളിൽ രക്തദാനത്തിനെത്തിയത്. ഓരോ ചെക്കിംഗ്പോയിന്റിലും രാവിലെ തന്നെ 50 ലധികം പേർ ഹെൽമറ്റില്ലാത്ത കുറ്റത്തിന് കുടുങ്ങി.
ചിലർ പിഴയടച്ചപ്പോൾ, കൈവശം പണമില്ലെന്നു പറഞ്ഞവരുടെ പേരിൽ കേസെടുത്തു. ഇടവഴികളിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നിടങ്ങളിലെല്ലാം ഇന്നു മുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.