കോട്ടയം: പോലീസ് വാഹന പരിശോധന ശക്തമാക്കിയിട്ടും നിയമ ലംഘകരുടെ എണ്ണം വർധിക്കുന്നത് പോലീസിനെ പോലും ഞെട്ടിക്കുന്നു. ഹെൽമറ്റ് വേട്ട പോലീസ് ശക്തമാക്കിയിട്ടും ഹെൽമറ്റ് വയ്ക്കാത്തവരുടെ എണ്ണത്തിൽ കുറവില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ശനിയാഴ്ച മാത്രം ജില്ലയിൽ പോലീസ് നടത്തിയ ഹെൽമറ്റ് വേട്ടയിൽ കുടുങ്ങിയത് 1725 പേരാണ്. ഇതിനു മുൻപ് ഇത്രയും കേസ് ഉണ്ടായിട്ടില്ല. ശനിയാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് ഹെൽമറ്റ് വയ്ക്കാത്തവരുടെ എണ്ണം പോലീസിനെ പോലും ഞെട്ടിച്ചത്.
ജില്ലയിൽ മൊത്തം 4849 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ മദ്യപിച്ച് വാഹനമോടിച്ച 94 പേർക്കെതിരെയും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 314 പേർക്കെതിരെയും കേസെടുത്തു. സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 114 പേർക്കെതിരെയും മറ്റു ഗതാഗത നിയമലംഘനങ്ങൾക്ക് 467 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.