എരുമേലി: പോലീസ് വെച്ച കാമറകൾക്ക് ഇതുവരെ പുറത്തു പറയാതിരുന്ന ഒരു സവിശേഷത ഒടുവിൽ പോലീസ് തന്നെ വെളിപ്പെടുത്തി. ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ചാൽ അത് കാമറകൾ പ്രത്യേകമായി സ്കാൻ ചെയ്യുമെന്നുള്ളതാണ് സവിശേഷത.
ബൈക്ക് ഓടിക്കുന്നയാളുടെ മുഖം വ്യക്തമായി കാമറകൾ പകർത്തും. കാമറകളുടെ ഈ സവിശേഷത മാത്രമല്ല മറ്റൊരു നടപടി കൂടി പോലീസ് ചെയ്യുന്നുണ്ടെന്ന് എസ്ഐ ടി. ശ്രീജിത്ത് അറിയിച്ചു. കാമറ ദൃശ്യങ്ങളിൽ പെറ്റി കേസ് ചുമത്തിയതിന്റെ തെളിവായി കാമറയിലെ ദൃശ്യങ്ങളുടെ ഫോട്ടോകൾ കോടതിയിൽ നൽകും.
പെറ്റി നോട്ടീസ് കിട്ടി അഞ്ച് ദിവസത്തെ സമയപരിധിക്കുള്ളിൽ സ്റ്റേഷനിലെത്തി ഫൈൻ അടക്കാത്തവർക്കെതിരെയാണ് ഫോട്ടോകൾ കോടതിയിൽ തെളിവായി നൽകുക. മൊത്തം 56 പോയിന്റുകളിലാണ് എരുമേലി ടൗണിന്റെ ചുറ്റുവട്ടങ്ങളിൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതുവരെ 130 പേർക്ക് ഫൈൻ അടക്കാൻ നോട്ടീസ് നൽകി.
തീർഥാടകരുടെ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് കാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെങ്കിലും സ്ഥിരം നിരീക്ഷണ സംവിധാനം ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.