കോട്ടയം: വാഹന പരിശോധനയുടെ പേരിൽ പോലീസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ആരോപണം. ഹെൽമെറ്റ് ധരിക്കാതിരുന്നതിന്റെ പേരിൽ പിഴയടച്ച പോലീസ് പണത്തിനായി യുവതിയെ വീട്ടിൽ പറഞ്ഞയച്ച് പണം എടുപ്പിച്ചു.
ചങ്ങനാശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കുരിശുംമൂട്-വടക്കേക്കര റോഡിലാണ് സംഭവം. ആരാധനയ്ക്കുപോയി മടങ്ങിയ നിരവധി യുവതികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ റോഡിൽ മണിക്കൂറുകളോളം തടഞ്ഞുനിർത്തിയതായും പറയുന്നു.
നിരവധി വാഹനങ്ങൾ എത്തിയപ്പോൾ ഓരോരുത്തരും പോലീസ് ജീപ്പിനു ചുറ്റം കാത്തു നിൽക്കേണ്ടിവന്നു. രണ്ടു പോലീസുകാരുടെയും ഒരു എസ്ഐയുടെയും നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നതിന്റെ പേരിൽ പിഴയടപ്പിച്ച പോലീസ് യുവതിയുടെ കൈവശം പണമില്ലാതിരുന്നതിനാൽ സമീപത്തുള്ള സ്വന്തംവീട്ടിൽനിന്നും പണം എടുപ്പിച്ചു പിഴയൊടുക്കേണ്ടിവന്നുവെന്നും പറയുന്നു. സമീപത്തെ ധ്യാനയോഗത്തിൽ പങ്കെടുത്തു മടങ്ങിയവർക്കാണു പീഢനം ഏൽക്കേണ്ടി വന്നത്.
ട്രാഫിക് പോലീസ് വടക്കേക്കര കാണിക്കമണ്ഡപം ജംഗ്ഷനു സമീപത്തെ കൊടുംവളവിൽ പരിശോധന നടത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചതിനെത്തുടർന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നു പോലീസ് പിൻവാങ്ങുകയായിരുന്നു.
കൊടുംവളവിൽ വാഹനപരിശോധന പാടില്ലെന്ന അധികൃതരുടെ നിർദേശം അവഗണിച്ചാണു പോലീസ് പരിശോധന നടത്തിയതെന്നു പറയുന്നു. ഒരു വാഹനം പരിശോധന നടത്തി പറഞ്ഞയച്ചശേഷം അടുത്തവാഹനം പരിശോധിക്കണമെന്ന നിർദേശവും പോലീസ് അവഗണിച്ചു. നിരവധി ആളുകൾ പരിശോധനയ്ക്കായി പോലീസ് ജീപ്പിനും നിൽക്കേണ്ടിവന്നതായും പറയുന്നു.