കോഴിക്കോട്: ഇരുചക്രവാഹനയാത്രികർ ഗുണനിലവാരമുള്ള ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ധരിക്കാതിരിക്കാം എന്നു ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടെന്നാണ് എംവിഡി പറയുന്നത്. ഇരുചക്ര വാഹനം അപകടത്തിൽപ്പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ്.
തലയോട്ടി പൊട്ടുകയും തൽക്ഷണം മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു. തലച്ചോറിനു സംഭവിക്കുന്ന പരിക്കുകളിൽ പലതും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്നും ഹെൽമറ്റ് കൃത്യമായി ധരിക്കണമെന്നും എംവിഡി വ്യക്തമാക്കുന്നു.
ഐഎസ്ഐ മുദ്രയുള്ളതും ഫേസ് ഷീൽഡ് ഉള്ളതുമായ ഹെൽമറ്റ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല ശിരസിന് അനുയോജ്യമായ വലിപ്പത്തിലുള്ള ഹെൽമറ്റ് വാങ്ങണം. ഹെൽമറ്റ് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ശിരസിൽ ഉറപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമറ്റ് തെറിച്ചുപോകാനുള്ള സാധ്യത കൂടുതലാ ണെന്നും എംവിഡി ഓർമിപ്പിക്കുന്നു.