മണ്ണാർക്കാട്: മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും ഹെൽമെറ്റ് വില്പനയിൽ വൻവില ഈടാക്കുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിൽ ഹെൽമറ്റ് വില്പനയിൽ വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധിതമാക്കിയതോടെയാണ് ഈ സ്ഥിതിയുണ്ടായത്.
നൂറുമുതൽ ഇരുന്നൂറു രൂപവരെയാണ് വില ഉയർന്നിരിക്കുന്നത്. അതേസമയം ഹെൽമറ്റ് നിർമാണകന്പനികളൊന്നും വിലവർധിപ്പിച്ചിട്ടില്ല. ഫരീദാബാദ്, ബെൽഗാവ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ബ്രാൻഡഡ് മൂല്യത്തിലുള്ള ഹെൽമറ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ മൂന്നുമാസം മുന്പുതന്നെ പിൻസീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ കന്പനികൾ നേരത്തെ ഉത്പാദനം വർധിപ്പിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും കന്പനികൾ വിലവർധിപ്പിച്ചിരുന്നില്ല.
നിലവിൽ കച്ചവടക്കാരാണ് വൻതോതിൽ തുക വർധിപ്പിച്ച് ഹെൽമറ്റുകൾ വില്ക്കുന്നത്. ഇതിനുപുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നും ഗുണമേന്മയില്ലാത്ത ഹെൽമറ്റും സംസ്ഥാനത്തേക്ക് വ്യാപകതോതിൽ എത്തുന്നുണ്ട്.
തമിഴ്നാട്ടിൽ കുടിൽവ്യവസായംപോലെ ഹെൽമറ്റ് നിർമിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് ഇവയുടെ വില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.