കൊച്ചി: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചതോടെ വാഹനങ്ങള്‍ ശ്രദ്ധിച്ചോടിച്ച് ഉടമകളും. അലക്ഷ്യമായുള്ള ഡ്രൈവിംഗിന് കാമറ എത്തിയതോടെ മാറ്റം വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഒരുമാസത്തേക്ക് പിഴ ഇല്ലെങ്കിലും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ തന്നെയാണ് വാഹന ഉടമകളുടെ തീരുമാനവും. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പും പോലീസും വാഹന ഉടമകള്‍ക്ക് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.
അതിനിടെ പുതിയ കാമറ സംവിധനം സംബന്ധിച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ബൈക്കില്‍ കൊച്ചുകുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുവദിക്കാത്തതില്‍ നിരവധിപേര്‍ പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും പ്രകടമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.സ്വകാര്യ ബസുകളിലടക്കം പതിവിലും തിരക്കാണ് അനുഭവപ്പെടുന്നത്. ലൈന്‍ ട്രാഫിക് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരുവിഭാഗം സ്വകാര്യ ബസുകളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
ഹെല്‍മറ്റ് വാങ്ങാൻ ജനത്തിരക്ക്
ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് വാങ്ങാനും വലിയ ജനത്തിരക്ക്. കടകളില്‍ പതിവിലും തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്.
കുട്ടികള്‍ക്കുള്ള ഹെല്മറ്റിനാണ് ആവശ്യക്കാരേറെയും. ആവശ്യക്കാരേറിയതോടെ ഹെല്‍മറ്റിന് വില അന്യായമായി വര്‍ധിപ്പിച്ചെന്നും അക്ഷേപമുണ്ട്.
ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകള്‍ അനുവദനീയമല്ലെങ്കിലും വിപണിയില്‍ സുലഭമാണ്. 750 മുതല്‍ 4000 രൂപ വരെയുള്ള ഹെല്‍മറ്റുകളും ലഭ്യമാണ്.