കടയ്ക്കല്‍ : കടയ്ക്കലില്‍ ഹെല്‍മറ്റ് ഇടാത്തതിന്റെ പേരില്‍ 19 കാരനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന. സംഭവത്തില്‍ ഒരു സിവില്‍ പോലീസ് ഓഫീസറെ മാത്രമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. അതേസമയം പരിശോധന സംഘത്തിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലം മറ്റും എന്ന ഉറപ്പ് റൂറല്‍ എസ് പി നല്‍കിയെങ്കിലും ഇവരെ സ്ഥലം മാറ്റിയത് സംബന്ധിച്ച് യാതൊരുവിധ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടില്ല.
അതേസമയം തന്നെ വാഹന പരിശോധനക്ക് സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ താഴത്തെ പോലീസ് ഉദ്യോഗസ്ഥന് ആയിരിക്കണം നേതൃത്വം നല്‍കേണ്ടതെന്ന ഡിജിപിയുടെ സര്‍ക്കുലറും സര്‍ക്കാര്‍ ഉത്തരവുകളും നില നില്‍ക്കെ റൂറല്‍ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കണ്ട്രോള് റൂം വാഹനത്തില്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത് എഎസ്ഐ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് ഗുരുതരമായ നിയമലഘനം ആണെന്നിരിക്കെ ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് പോലീസുകാര്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
കൊട്ടാരക്കര റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ആറോളം കണ്ട്രോള് റൂം വാഹനങ്ങളില്‍ ഭൂരിഭാഗം വാഹനങ്ങളിലും വാഹന പരിശോധന നടത്തുന്നത് എഎസ്ഐമാരാണ്. ഇവര്‍ക്ക് പിഴ ഈടാക്കാന്‍ അധികാരമില്ല എന്നിരിക്കെ ഇവയെല്ലാം ഇവര്‍ ചെയ്യുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ വളവില്‍ വഹന പരിശോധനക്കിടെ ബൈക്ക് യാത്രികനായ കിഴക്കുംഭാഗം സ്വദേശി സിദ്ദീഖിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ലാത്തി ഏറില്‍ നിയന്ത്രണംവിട്ട സിദ്ദീഖിന്റെ ബൈക്ക് ഇന്നോവ കാറുമായി കൂട്ടിയിടിച്ച് തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിന് എഡിജിപി ഷേഖ് ദര്‍ബേഷ് സാഹിബിനെ ചുമതപ്പെടുത്തിയിട്ടുണ്ട്.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ല പോലീസ് മേധാവിമാരായിരിക്കും ഉത്തരവാദികല്‍ എന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ ഇടപ്പെട്ട റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എസ് പി യുടെ ഉറപ്പിലാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസത്തെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.