തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധമാക്കി. പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരേ പിഴ ഈടാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കു നിർദേശം നൽകി.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന്റെ പിന്നിൽ യാത്ര ചെയ്താൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1,000 രൂപയാണു പിഴ. ലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. പിഴ അടയ്ക്കാത്തവർക്കു വാഹൻ സോഫ്റ്റ്വെയർ ഉപയോഗിച്ചു വിലക്കേർപ്പെടുത്തും. പിഴ അടയ്ക്കാതെ ഇവർക്കു വാഹന സംബന്ധമായ മറ്റു സേവനങ്ങൾ ലഭിക്കില്ല.
അപകടമുണ്ടായാൽ തലയ്ക്കു പരിക്കേൽക്കാത്ത ഗുണമേന്മയുള്ള ഹെൽമറ്റാണു ധരിക്കേണ്ടത്. അതിനാൽ വ്യവസായശാലകളിലേതു പോലെയുള്ള ഹെൽമറ്റ് അനുവദിക്കില്ല. 85 സ്ക്വാഡുകളാണു പരിശോധനയ്ക്കു രംഗത്തുള്ളത്.
കേന്ദ്ര മോട്ടോർ നിയമ ഭേഗഗതി ഓഗസ്റ്റ് ഒന്പതിനാണ് നിലവിൽ വന്നത്. നിയമം നടപ്പാക്കുന്നതിൽ ഇളവോ സമയമോ അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.