തൊടുപുഴ : സ്വന്തം തലയ്ക്കു പരിക്കേൽക്കാതെ സുരക്ഷ നൽകുന്ന ഹെൽമറ്റിനെ സംരക്ഷിക്കാൻ തിരിച്ചും സുരക്ഷയൊരുക്കേണ്ട അവസ്ഥയിൽ ഇരുചക്ര വാഹനയാത്രക്കാർ, ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും ഹെൽമറ്റ് മോഷണം വ്യാപകമാകുകയാണ്.
പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ഹെൽമറ്റ് വേട്ട കൂടി ശക്തമായതോടെ ഭൂരിപക്ഷം ഇരുചക്രവാഹന യാത്രികരും ഹെൽമറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഹെൽമറ്റ് മോഷ്ടാക്കളും സജീവമായത്. കഴിഞ്ഞ ദിവസം തൊടുപുഴ മുനിസിപ്പിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പട്ടയംകവല സ്വദേശിയുടെ ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് ഹെൽമറ്റുകളിൽ ഒരെണ്ണം മോഷണം പോയി.
ഒപ്പം യാത്ര ചെയ്യുന്ന ഭാര്യയ്ക്കു ധരിക്കുന്നതിനായി കൊണ്ടുവന്ന ഹെൽമറ്റാണ് ബൈക്കിൽ നിന്നു മോഷ്ടിച്ചത്. തൊടുപുഴ നഗരത്തിൽ ഇടുക്കി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിൽനിന്ന് ഒരാഴ്ച മുൻപു പട്ടാപ്പകൽ ഹെൽമറ്റ് മോഷണം പോയിരുന്നു.
ഇതിനു രണ്ടു ദിവസം മുൻപു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും ഹെൽമറ്റ് മോഷണം പോയി. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹെൽമറ്റ് നഷ്ടമായവർ വേറെയുമുണ്ട്. പാർക്കിംഗ് സ്ഥലമെന്നോ ആശുപത്രിയെന്നോ റോഡിന്റെ വശങ്ങളെന്നോ വ്യത്യാസമില്ലാതെ ഹെൽമറ്റ് മോഷണം തുടരുകയാണ്.
സാധാരണ ബൈക്ക് യാത്രക്കാർ വാഹനം പാർക്കു ചെയ്യുന്പോൾ ഹെൽമറ്റ് വാഹനത്തിൽ തന്നെ വച്ചിട്ടു പോകുകയാണ് പതിവ്. ഇപ്പോൾ ഹെൽമറ്റ് മോഷ്ടാക്കളെ ഭയന്നു ബൈക്ക് യാത്രക്കാരിൽ പലരും വാഹനം നിർത്തിയിട്ടു പോകുന്പോൾ ഹെൽമറ്റും കൈയിൽ എടുത്തു കൊണ്ടാണ് പോകുന്നത്.
ഹെൽമറ്റ് മോഷണം പോയാലും ഇതു സംബന്ധിച്ചു ആരുംതന്നെ പോലീസിൽ പരാതി നൽകാൻ തയാറാകാത്തതും മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നുണ്ട്. നഷ്ടപ്പെട്ടതിനു പകരം പുതിയ ഹെൽമറ്റ് വാങ്ങുകയാണ് ചെയ്യുന്നത്. വാഹന പരിശോധനയിൽ ഹെൽമറ്റ് ഇല്ലാത്തതിന് പിടിയിലായാൽ 500 രൂപയാണ് പിഴ. ഇതിനിടെയാണ് ഹെൽമറ്റ് മോഷണവും പെരുകിയത്. ഹെൽമറ്റ് മോഷണം തടയാൻ വാഹനം പാർക്കു ചെയ്യുന്പോൾ ഇരുചക്ര വാഹന യാത്രക്കാർ ശ്രദ്ധ പുലർത്തണമെന്നു പോലീസും മുന്നറിയിപ്പു നൽകുന്നു.