ബിഹാറിലെ ചന്പാരൻ ജില്ലയിലുള്ള ഒരു ഗവണ്മെന്റ് ഓഫീസ് മറ്റു സർക്കാർ ഓഫീസുകളിൽ നിന്നു വ്യത്യസ്തമാണ്. സ്വന്തം ജീവൻ പണയംവച്ചാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത്, അതും ഹെൽമെറ്റും തലയിൽവച്ച്. ഇവർ ജോലി ചെയ്യുന്ന ഓഫീസിന്റെ മേൽക്കൂര അപകടാവസ്ഥയിലായതുകൊണ്ടാണ് ഉദ്യോഗസ്ഥരെല്ലാം ഹെൽമെറ്റ് ഉപയോഗിക്കുന്നത്. തീർത്തും ബലക്ഷയം സംഭവിച്ച മേൽക്കൂര എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. എന്നാൽ, ഇതുകൊണ്ടൊന്നും തങ്ങളുടെ ജോലി നിർത്താൻ ഇവിടുത്തെ ഉദ്യോഗസ്ഥർ തയാറല്ല.
കെട്ടിടം തകരുമോ എന്നു ഭയന്ന് ഇവിടെ സേവനങ്ങൾ തേടിയെത്തുന്നവരും ഹെൽമെറ്റ് ധരിക്കാറുണ്ട്. മേൽക്കൂരയുടെ ചില ഭാഗങ്ങൾ തകർന്നുവീണ് മുന്പ് ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. മഴ പെയ്താൽ കുടയും ചൂടിയിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയും ഇവിടെയുണ്ട്. സർക്കാർ ഓഫീസിലെ ദുരവസ്ഥയെ വിമർശിച്ച് ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.