തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കവേ പോലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കൊല്ലം കടയ്ക്കൽ ചിതറ പന്തുവിള സ്വദേശി സിദ്ദീഖ് (19) ആണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ പകൽ കൊല്ലം കടയ്ക്കലിനു സമീപം ആയിരുന്നു സംഭവം. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിദ്ദിഖ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോലീസ് ഇയാളുടെ വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെ സിദ്ദിഖ് ബൈക്ക് നിർത്താതെ പോയതിനെത്തുടർന്ന് പോലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയും സിദ്ദിഖിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സിദ്ദിഖ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡ് 15-ൽ ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു. ആന്തരികക്ഷതം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തി വരികയാണ്. സംഭവത്തെ തുടർന്ന് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹനനെ സസ്പെൻഡ് ചെയ്തു.
പോലീസുകാരനെതിരേ ക്രിമിനൽ കേസ്
കൊല്ലം: കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെ, ഹെൽമറ്റ് ധരിക്കാതെ നിർത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ പോലീസുകാരനെതിരേ ക്രിമിനൽ കേസ്. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹനെതിരേയാണു കേസ്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പരിശോധനാ സംഘത്തിലെ മുഴുവൻ പോലീസുകാരെയും സ്ഥലംമാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ എസ്പി ഹരിശങ്കർ ഉത്തരവിട്ടിരുന്നു.