ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എന്ന 34-കാരനാണ് സൗജന്യമായി ഹെൽമറ്റ് വിതരണം നടത്തുന്നത്.
ഇതുവരെ 49,000 ഹെല്‍മറ്റുകള്‍ വിതരണം ചെയ്ത് ബിഹാറിലെ ഹെല്‍മറ്റ് മാന്‍ എന്ന വിശേഷണം ഇദേഹം നേടിയിരിക്കുകയാണ്.
ഐടി മേഖലയിലെ ജീവനക്കാരനായ രാഘവേന്ദ്ര കുമാറിന്റെ സുഹൃത്തായ കെ.കെ. താക്കൂര്‍ ഏഴ് വര്‍ഷം മുമ്പ് ബൈക്ക് അപകടത്തിലാണ് മരണപ്പെട്ടത്.
അപകട സമയത്ത് അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ സംഭവമാണ് ഹെല്‍മറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് രാഘവേന്ദ്ര കുമാറിനെ ചിന്തിപ്പിച്ചത്. ഇതനുപിന്നാലെ അദ്ദേഹം ഹെല്‍മറ്റ് വിതരണം ചെയ്യുകയായിരുന്നു.
ബിഹാര്‍ സ്വദേശിയാണെങ്കിലും 22 സംസ്ഥാനങ്ങളില്‍ അദ്ദേഹം ഹെല്‍മറ്റ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കായ്മുറില് 4000 ഹെല്‍മറ്റും ബിഹാര്‍ സംസ്ഥാനത്ത് ഉടനീളം 13,000 പേര്‍ക്കുമാണ് ഇതുവരെ അദ്ദേഹം ഹെല്‍മറ്റ് സമ്മാനിച്ചിട്ടുള്ളതെന്നാണ് വിവരങ്ങള്‍.
പരമ്പരാഗതമായി ലഭിച്ച മൂന്ന് ഏക്കര്‍ സ്ഥലവും വീടും വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഹെല്‍മറ്റ് വിതരണം നടത്തുന്നത്.
49,000 ഹെല്‍മറ്റ് വാങ്ങുന്നതിനായി ഇതിനോടകം രണ്ട് കോടി രൂപയോളം മുടക്ക് വന്നിട്ടുണ്ടെന്നാണ് രാഘവേന്ദ്ര പറയുന്നത്.