കൊച്ചി: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏക ജാലകമായി പ്രവർത്തിക്കാൻ ലക്ഷ്യമിട്ടു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ജീവകാരുണ്യ ഹെല്പ് ഡെസ്കുകൾ തുടങ്ങി. “ദ് ഗ്രേറ്റ് ഫാദർ’ സിനിമ പ്രദർശിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളോടനുബന്ധിച്ചാണു ഹെല്പ് ഡെസ്കുകൾ തുറക്കുന്നത്. വിവിധ സേവനങ്ങൾക്ക് പൊതുജനങ്ങൾക്ക് ഇവിടെ നേരിട്ട് അപേക്ഷകൾ സമർപ്പിക്കാം.
മമ്മൂട്ടി നയിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടപ്പിലാക്കുന്ന നിർധനരായ കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി (ഹൃദയപൂർവം), സൗജന്യ വൃക്ക മാറ്റിവക്കൽ സഹായ പദ്ധതി (സുകൃതം), അനാഥ കുട്ടികളെ പഠനത്തിൽ സഹായിക്കാനുള്ള (വിദ്യാമൃതം), ആദിവാസിക്ഷേമ പദ്ധതിയായ (പൂർവികം), കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനായുള്ള (വഴികാട്ടി) തുടങ്ങിയ പദ്ധതികൾക്കുള്ള അപേക്ഷ ഈ ഹെല്പ് ഡെസ്കിൽ സ്വീകരിക്കും.
തിരുവനന്തപുരം നിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു നടപ്പാക്കുന്ന നിർധനരായ മുതിർന്ന പൗരൻമാർക്കുള്ള ഹൃദയസ്ത്രക്രിയ പദ്ധതിയായ ”ഹാർട്ട് ടു ഹാർട്ട്’, എറണാകുളം ഡോ ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലുമായി സഹകരിച്ചു നടപ്പാക്കുന്ന തിമിര നിർമാർജ്ജന പദ്ധതിയായ “കാഴ്ച 2020′ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും ഇവിടെ സ്വീകരിക്കും. അർഹത തെളിയിക്കുന്ന രേഖകളും വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും ചേർത്ത് ഹെൽപ് ഡെസ്കിൽ കൊടുക്കണം. കെയർ ആൻഡ് ഷെയറിന്റെ വിദഗ്ധ സമിതിയാവും അർഹതപ്പെട്ടവരെ തെരഞ്ഞെടുക്കുക.
സിനിമ കാണാൻ എത്തുന്ന കുടുംബ പ്രേക്ഷകർക്ക് ആവശ്യമായ സഹായങ്ങളും ഹെല്പ് ഡെസ്കിൽ ലഭ്യമാകും. സിനിമയുടെ വിജയാഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ സെന്ററുകളിലും പ്രമുഖരാണു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ദ് ഗ്രേറ്റ് ഫാദർ സിനിമയുടെ വിജയാഹ്ലാദം സമൂഹത്തിനു നൻമ ചെയ്താവണം പ്രകടിപ്പിക്കേണ്ടതെന്ന മമ്മുട്ടിയുടെ ഓർമപ്പെടുത്തലിൽ നിന്നാണ് ജീവകാരുണ്യ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചതെന്നു കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് അറിയിച്ചു.