ചാവക്കാട്: കളിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ കളിക്കുട്ടുകാരന് രക്ഷകരായത് ഒപ്പം കളിച്ചിരുന്നവർ.പുതിയവീട്ടിൽ നൗഷാദ് -സജീന ദമ്പതികളുടെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിയാൻ (ആറ്) ഒരു മനയൂർ വില്ലേജ് ഓഫിസിന് സമീപത്തെ വെളളം നിറഞ്ഞ തോട്ടിലേക്ക് കാൽവഴുതി വീണു.
റിയാൻ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഒപ്പം കളിച്ചിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥി ആദർശും ഓടിയെത്തി.
ആഴങ്ങൾക്ക് വിട്ടുകൊടുക്കാതെ ഇരുവരും ചേർന്ന് റിയാസിനെ കയറ്റുകയായിരുന്നു. കരക്കയറ്റാൻ പ്രയാസമായപ്പോൾ ആദർശ് സമീപത്തെ ക്ലബിലെ യുവാക്കളെ അറിയിച്ചു. അവർ ഓടിയെത്തുമ്പോഴെക്കും സായ്കൃഷ്ണ രക്ഷകനായി.
കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ മാതാവ് സജന വന്നപ്പോൾ കുടെ വന്നതായിരുന്നു മകൻ മുഹമ്മദ് റിയാൻ. മുല്ലപ്പള്ളി സ്മനേഷ്-രേഷ്മയുടെ മകനാണ് മൂന്നാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണ.
മാളിയേക്കൽ വിനോദ്- വിജിത മകനാണ് നാലാം ക്ലാസുകാരനായ ആദർശ് വിനോദ്. മൂന്നു പേരും ചേർന്ന് തോടിനു സമീപത്ത് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തോടിന് മുകളിലെ സ്ലാബിൽ നിന്ന് കാൽ വഴുതി റിയാൻവീണത്. ധീരമായ കുഞ്ഞു മനസുകൾക്ക് നാട്ടുകാർ വലിയ സല്യൂട്ട് നൽകി.