മാന്നാർ: പണമില്ലാത്തതിന്റെ പേരിൽ ഒരു ജീവനും പൊലിയരുതെന്ന വലിയ കാഴ്ചപ്പാടിൽ ഒരു ഗ്രാമം ഒന്നിച്ചപ്പോൾ ഒരുദിനം ലഭിച്ചത് 50 ലക്ഷം രൂപ.
കടപ്ര പഞ്ചായത്തിലെ 15 വാർഡുകളും ഒരു മനസോടെ ഒന്നിച്ചപ്പോൾ ലഭിച്ചത് അഞ്ചു പുതുജീവനുകളാണ്.രണ്ടു യുവതികളുടെയും മൂന്നു യുവാക്കളുടെയും കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാണ് ഗ്രാമം കൈകോർത്തത്.
ഗാന്ധിജയന്തി ദിനത്തിൽ മുഴുവൻ വീടുകളിലും 60 സ്ക്വാഡുകളിലായി 500 ഓളം പേർ കയറിയിറങ്ങിയാണ് 50 ലക്ഷം രൂപ സമാഹരിച്ചത്. പരുമല കല്ലുവാരത്തിൽ മുകേഷ് (30), കോട്ടയ്ക്കകത്ത് രവിയുടെ മകൻ കെ. രഞ്ജിത്ത് (30), പരുമല ഇടയാടി തുണ്ടിയിൽ പ്രമോദ് (48), പരുമല തെക്കേടത്ത് പറമ്പിൽ ശെൽവന്റെ മകൾ മാളൂട്ടി (25), പരുമല നടുവിലെ തോപ്പിൽ ഗോപകുമാറിന്റെ മകൾ ശരണ്യ (34) എന്നിവരുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് ഒരു ദേശം ഒരു ദിനം ഒന്നായത്.
പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ അതത് വാർഡുകളിലെ ജീവൻ രക്ഷാസമിതിയാണ് ഫണ്ടുകൾ ശേഖരിച്ചത്. പരുമല ഒൻപതാം വാർഡിൽ പരുമല സെമിനാരി അങ്കണത്തിൽ നടന്ന ചടങ്ങിൽ സെമിനാരി മാനേജർ ഫാ. കെ.വി. പോൾ റമ്പാൻ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം വിമലാ ബന്നി, സലിം ടി.ജെ, ഡൊമനിക് ജോസഫ്, അനൂപ്ഖാൻ, സതീശ്, പി.ടി. റിജോ, പ്രബീഷ്, മോനച്ചൻ തോപ്പിൽ, ബേബി, ജോൺസൺ, തങ്കമണി നാണപ്പൻ എന്നിവർ നേതൃത്വം നൽകി.
15 വാർഡുകളിൽനിന്നും ലഭിച്ച ഫണ്ടുകൾ ആന്റോ ആന്റണി എംപി പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന് കൈമാറി. ജീവൻ രക്ഷാസമിതി കൺവീനർ ജോസ് വി. ചെറി അധ്യക്ഷത വഹിച്ചു.