കുമരകം: പ്രകൃതിക്ഷോഭത്തെ ത്തുടർന്ന് ദുരിതം അനുഭവിക്കുന്ന കുമരകത്തെ ജനങ്ങൾക്ക് വിദേശ വനിതകളുടെ സഹായം. കുമരകം കാണാനെത്തിയ സ്വിറ്റ്സർലൻഡ് വനിതകളാണ് ദുരിതബാധിതർക്ക് ഭക്ഷണം, പലചരക്ക്, പച്ചക്കറി കിറ്റുകൾ ഇന്നലെ വിതരണം ചെയ്ത്.
കവണാറ്റിൻകര, ചക്രംപടി, പള്ളിച്ചിറ ഭാഗങ്ങളിലുള്ള ദുരിതബാധിതരായ 75 കുടുംബങ്ങൾക്കാണ് അരി, പലചരക്ക്, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയത്.
കഴിഞ്ഞ ദിവസം കുമരകത്തെ നിരാമയ റിസോർട്ടിൽ എത്തിയ വിനോദ സഞ്ചാരികളായ ക്ലെയർ മാർട്ടീംഗ്നർ , റീറ്റ റോസർ എന്നീ സുഹൃത്തുക്കളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സന്മനസ് കാട്ടിയത്.
കൂടാതെ 200 ബിരിയാണി സ്വകാര്യ റിസോർട്ടിൽ നിന്ന് വാങ്ങി കുമരകം പഞ്ചായത്ത് ഓഫീസിൽ എത്തിച്ച് കമ്മ്യുണിറ്റി കിച്ചണിലേക്കും നൽകി. മൂന്ന് ദിവസത്തെ കുമരകം സന്ദർശനത്തിനുശേഷം ഇവർ നാളെ നാട്ടിലേക്ക് മടങ്ങും.