വടക്കഞ്ചേരി: സൈക്കിൾ വാങ്ങണമെന്ന മോഹങ്ങളെല്ലാം മനസ്സിലൊതുക്കി അഞ്ച് വയസുകാരിയുടെ ചികിത്സാ ചെലവിലേക്ക് പത്ത് വയസുകാരനായ നെവിൻ നല്കിയത് 1800 രൂപ. കിഴക്കഞ്ചേരി പുന്നപ്പാടം മണികണ്ഠൻ- വിജയകുമാരി ദന്പതികളുടെ ഏക മകൾ വിമ്യയുടെ ചികിത്സക്കായാണ് ഹുണ്ടിക (കുടുക്ക )യിൽ സ്വരൂപിച്ചിരുന്ന പണം നെവിൻ നൽകിയത്. മംഗലംഡാം സെന്റ് മേരീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നെവിൻ. വാൽകുളന്പ് കൊട്ടടി ചെന്തിട്ടയിൽ റോബിന്റെ മകനാണ് ഈ മിടുക്കൻ.
വിമ്യ ആരാണെന്നോ അവൾ എവിടെ പഠിക്കുന്നു, വിമ്യയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ അതൊന്നും നെവിന് അറിയില്ല. എന്നാൽ വിമ്യയുടെ ചികിത്സാ ചെലവിനുള്ള പത്ത് ലക്ഷം രൂപ കണ്ടെത്താൻ വടക്കഞ്ചേരി -വാൽകുളന്പ് റൂട്ടിലോടുന്ന പൊന്നൂസ് എന്ന ബസ് കാരുണ്യ യാത്ര നടത്തുന്നുണ്ടെന്ന് അവൻ തലേ ദിവസം തന്നെ അറിഞ്ഞിരുന്നു. പാവം കുട്ടി പൂന്പാറ്റയെപ്പോലെ പാറി പറക്കേണ്ട ഇളംപ്രായത്തിൽ വലിയ രോഗത്തിന് അടിമപ്പെട്ട കുട്ടിയുടെ വേദന വീട്ടുകാർ പറയുന്നതു കേട്ടപ്പോൾ നെവിനും വലിയ നൊന്പരമായി.
ബസിന്റെ കാരുണ്യ യാത്രയെക്കുറിച്ച് ദീപികയിലും ശനിയാഴ്ച പ്രത്യേക വാർത്ത നൽകിയിരുന്നു. വാൽകുളന്പ് സെന്ററിൽ സംഘടിപ്പിച്ച കാരുണ്യയാത്രയുടെ ഉദ്ഘാടന പരിപാടിയിൽ നെവിൻ തന്റെ കുടുക്ക തുറന്ന് നാണയ തുട്ടുകളായി നൽകിയപ്പോൾ ചുറ്റും കൂടിയവരുടെയും കണ്ണ് നിറഞ്ഞു.
തന്റെ മോഹങ്ങളെല്ലാം മാറ്റി വെച്ച് സ്വരൂപിച്ച പണം മുഴുവൻ നൽകിയ നെവിന് എല്ലാവരും പ്രത്യേകം അനുമോദിക്കുകയും ചെയ്തു. ഒന്നിന്റെയും രണ്ടിന്റെയും അഞ്ചിന്റെയും കോയിനുകളായിരുന്നു കുടുക്കയിൽ കൂടുതലുണ്ടായിരുന്നതെന്ന് ചികിത്സാ നിധി സ്വരൂപിക്കാൻ നേതൃത്വം നൽകുന്ന വളളിയോട് മിച്ചാരംക്കോട് സൗഹൃദ ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ഒൗസേപ്പാണ് നെവിന്റെ പണം ഏറ്റുവാങ്ങിയത്. വാൽകുളന്പ് കോടിയാട്ടിൽ അവറാച്ചനാണ് ഒരു ദിവസം തന്റെ ബസ് വിമ്യയുടെ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താൻ വിട്ടു കൊടുത്തത്. ഒരു ദിവസം കൊണ്ട് 80,000 രൂപയും സമാഹരിക്കാനായി. വാൽകുളന്പിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് 27,000 രൂപ പിരിച്ച് നൽകി.
കുന്നങ്കാട്ടെ ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ധനസമാഹരണത്തിൽ പങ്കാളികളായി. ഒരു വൃക്കക്ക് പഴുപ്പ് ബാധിച്ച് അവശതയിലാണ് വിമ്യ. അടുത്തതിലേക്ക് പഴുപ്പ് പടരും മുന്പേ പഴുപ്പു് ബാധിച്ച വൃക്ക നീക്കം ചെയ്യണം. അതിനുള്ള നെട്ടോട്ടത്തിലാണ് വിമ്യയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ മുന്നോട്ട് വന്ന സൗഹൃദ ജനകീയ കൂട്ടായ്മ പ്രവർത്തകർ. ബേബി മാസ്റ്റർ, പത്മദാസ്, ശ്രീനാഥ്, അസീസ്, ജോണ് മണക്കളം, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സാ ധനസമാഹരണം നടത്തുന്നത്.