മേലൂർ: സൈക്കിൾ സ്വന്തമാക്കണമെന്ന കൂട്ടുകാരന്റെ സ്വപ്നം സാക്ഷാത്കരിച്ച് ഏഴാംക്ലാസുകാരൻ.കല്ലുകുത്തി സെന്റ് ജോണ്‍സ് സിയുപി സ്കൂളിലെ ഏഴാം ക്ലാസുകാരൻ വർഷങ്ങളായി മനസിൽ കാത്തുവച്ച സ്വപ്നമാണു സഹപാഠിയുടെ സന്മനസ് മുഖേന സാക്ഷാത്കരിച്ചത്.
പഠിക്കാൻ മിടുക്കനും നിർധന കുടുംബത്തിലെ അംഗവുമായ വിദ്യാർഥിയുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു ഈ “ചങ്ങായി’.
ന്റെ കൂട്ടുകാരനു കൊടുക്കാൻ ഒരു സൈക്കിൾ വേണമെന്ന് അവൻ പിതാവിനോട് ആ വശ്യപ്പെട്ടു. മകനിലെ നന്മയും സഹജീവി സ്റ്റേഹവും തിരിച്ചറിഞ്ഞ പിതാവ് പുത്രന്റ ആഗ്രഹം എത്രയും വേഗം സാധിച്ചു കൊടുക്കാൻ തയാറായി.
ഒഎസ്എ പ്രതിനിധി എം.എസ്. ബിജുവിനെ വിവരം അറിയിച്ചു. കഴിഞ്ഞദിവസം പുതിയ സൈക്കിളുമായി സഹപാഠിയുടെ വീട്ടിലേക്ക് ചങ്ങായിയും പിതാവും എത്തി.
പ്രധാന അധ്യാപിക വി.ടി. ലാലി, ഒഎസ്എ പ്രതിനിധി എം.എസ്. ബിജു എന്നിവർ ചേർന്ന് സൈക്കിൾ വിദ്യാർഥിക്കു സമ്മാനിച്ചു.
നിർധനരായ കൂട്ടുകാരെ സഹായിക്കുന്ന ഈ നന്മ മറ്റുള്ളവർക്കു മാതൃകയാണെന്നു പ്രധാന അധ്യാപിക വി.ടി. ലാലി പറഞ്ഞു.
ചെറിയ കാര്യങ്ങൾ ചെയ്യുന്പോൾപോലും സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ നന്മ നിറഞ്ഞ പ്രവൃത്തി ചെയ്ത ഏഴാംക്ലാസുകാരനും പിതാവും തങ്ങളുടെ പേര് പുറത്തു പറയരുതെന്ന് ഏവരോടുമായി അഭ്യർഥിച്ചു.