അമ്പലപ്പുഴ: ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന്റെ മുഴുവൻ കടവും വീട്ടി ചലച്ചിത്ര നടൻ സുരേഷ് ഗോപി. മൂന്നു വർഷമായി പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു.
തകഴി കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രസാദിന്റെ ഭാര്യ ഓമന 2021 ഏപ്രിൽ 29ന് പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽ പണയപ്പെടുത്തിയ ആധാരമാണ് തിങ്കളാഴ്ച ലഭിച്ചത്.
സ്വയം തൊഴിൽ വായ്പയായി 60,000 രൂപയാണ് ഓമന പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽ നിന്നെടുത്തത്. ഇതിൽ 15,000 രൂപയോളം തിരികെയടച്ചിരുന്നു.
11 മാസക്കാലമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക കുടിശികയായതിന്റെ പേരിൽ ഒരാഴ്ച മുൻപ് ഇവർക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തിയെന്നായിരുന്നു നോട്ടീസിൽ.
ഈ തുക മുംബൈ മലയാളി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി പ്രസാദിന്റെ കുടുംബത്തിന് നൽകിയിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ മുഴുവൻ കടബാധ്യതയായ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ സുരേഷ് ഗോപി ഓമനയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.
തുടർന്ന് ഇന്നലെ വൈകിട്ട് കോർപറേഷൻ ജില്ലാ മാനേജർ വീട്ടിലെത്തി ഓമനയ്ക്ക് ആധാരം കൈമാറി.