കുമരകം: ചികിത്സാസഹായത്തിന്റെ പേരിൽ വീടുകൾ കയറി പണപ്പിരിവു നടത്തിയ തട്ടിപ്പുകാരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി കുമരകം ജെട്ടി പരിസരം കേന്ദ്രികരിച്ച് പിരിവു നടത്തിയ മൂവർ സംഘമാണ് പിടിയിലായത്.
പിരിച്ചെടുത്ത പണം വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് ഇവർ തമ്മിലുണ്ടായ തർക്കമാണ് മൂവരും തട്ടിപ്പുകാരാണെന്ന് നാട്ടുകാർക്ക് ബോധ്യമാകാൻ കാരണം.
മൂവരിൽ ഒരാളുടെ മകന്റെ കിഡ്നി ചികിത്സക്കായി പണം ആവശ്യപ്പെട്ടാണ് വീടുകൾ തോറും ഇവർ കയറിയിറങ്ങിയത്.
കിട്ടുന്ന പണം മദ്യപാനത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്.
രാമങ്കരി സ്വദേശികളാണ് മൂവരും. ചെങ്ങളം കുന്നുംപുറം സ്വദേശികളാണെന്നാണ് ഇവർ വീട്ടുകാരോടും മറ്റും പറഞ്ഞിരുന്നത്.
315 സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കേശവനന്റെ വീട്ടിൽ പിരിവിനെത്തിയതോടെയാണ് പ്രദേശത്തെ യുവാക്കൾ ചേർന്ന് ഇവരെ ഇന്നലെ തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിച്ചത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം വൈദ്യ പരിശോധന നടത്തി മദ്യപാനികളാണെന്ന് കണ്ടെത്തി പിന്നീടു വിട്ടയച്ചതായി കുമരകം പോലീസ് അറിയിച്ചു. ഇവരിൽ നിന്നും കണ്ടെത്തിയ പണം ചില വീട്ടുകാർക്ക് പോലീസ് ഇടപെട്ട് തിരികെ നൽകി.