കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെ വിടാതെ
പിന്തുടരാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. അപ്രതീക്ഷമായി കടന്നുവന്ന ഈ മഹാമാരി ലോകത്തിന്റെ മാനസിക സാമൂഹിക സാന്പത്തിക രാഷ്്ട്രീയ തുലനാവസ്ഥയെ കുറച്ചൊന്നുമല്ല തകിടം മറിച്ചത്.
ഈ കാലയളവിൽ കേട്ടുവരുന്ന ആത്മഹത്യകൾ കോവിഡ്കാലത്തെ മാനസിക അസന്തുലിതാവസ്ഥയിലേക്കാണു വിരൽചൂണ്ടുന്നത്. ഈ കാലയളവിൽ ജോലിക്കു പോകാൻ കഴിയാതെ വരുമാനം നിലച്ച അവസ്ഥ.
ഇനി മുന്നോട്ട് എങ്ങനെയാവും നമ്മുടെ ജീവിതമെന്നു വ്യാകുലപ്പെടുന്നവരും ഭാവിയിലെ തൊഴിൽ സാധ്യതകളെപ്പറ്റിയും നഷ്ടപ്പെട്ട ജോലിയെക്കുറിച്ചുമെല്ലാം ആശങ്കപ്പെടുന്നവരും നിരവധി.
കുടുംബങ്ങളും മാറുകയാണ്…
ഈ കോവിഡ് കാലത്ത്, കുട്ടികൾക്കു കൂട്ടുകൂടി കളിക്കാനും കൂട്ടുകാരോടോ അധ്യാപകരോടോ നേരിട്ടു സംവദിക്കാനുമൊക്കെയുള്ള സാഹചര്യങ്ങൾ പരിമിതം. എന്നാൽ കുടുംബാംഗങ്ങൾക്കു പരസ്പരം കാണുന്നതിനും ഇടപെടുന്നതിനുമുള്ള സാഹചര്യം വർധിക്കുന്നുമുണ്ട്.
ഈ സാഹചര്യം ചില കുടുംബങ്ങളിൽ നല്ല മാറ്റങ്ങളായി വരുന്പോൾ മറ്റു ചില കുടുംബങ്ങളിൽ വിപരീതമായാണു മാറുക. പ്രത്യേകിച്ച് മുൻപൊക്കെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കാതിരുന്ന മാതാപിതാക്കൾക്കു പോലും കുട്ടികളുടെ പ്രവൃത്തികൾ ശ്രദ്ധിക്കാൻ സമയം ലഭിക്കുന്നു.
മധ്യവയസിലെത്തിയ മാതാപിതാക്കളും കൗമാരത്തിലെത്തിയ മക്കളും തമ്മിലാവും പലപ്പോഴും വ്യക്തി ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ ഈ സാഹചര്യത്തിൽ കൂടുതൽ കണ്ടുവരിക.
ആശയപരമായ വൈരുധ്യങ്ങൾ മൊബൈൽ ഫോണിന്റെ ഉപയോഗവുമായി ബന്ധപ്പെടുന്നതും പരസ്പരം മനസിലാക്കുന്നില്ല എന്ന തോന്നലുമൊക്കെ ചെറിയ കലഹങ്ങളിൽ നിന്നും വലിയ കലഹങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കാറുണ്ട്.
തനിച്ചെന്ന തോന്നൽ
വ്യക്തിബന്ധങ്ങളിലുണ്ടായ അകലം ചില ആളുകളിലെങ്കിലും ഞാൻ തനിച്ചാണെന്നുള്ള തോന്നലുണ്ടാക്കാം, പ്രത്യേകിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക്. തങ്ങളോടു സംസാരിക്കാൻ ആരുമില്ലെന്നും ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടുവെന്നുമെല്ലാം ചിന്തിക്കുന്പോൾ പലപ്പോഴും അവർ മാനസികമായി തളർന്നു പോകാറുണ്ട്.
അതുപോലെ തന്നെ രാത്രി മുഴുവൻ ഇന്റർനെറ്റിൽ സമയം ചെലവഴിച്ചു രാത്രിയും പകലും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുന്നവരും വിരളമല്ല. ഇതുപിന്നീടു ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടിലേക്ക് വഴിമാറാം.
ഒരാൾ വ്യക്തി സമ്മർദങ്ങളോട് പ്രതികരിക്കുന്ന രീതി അയാളുടെ വ്യക്തിത്വവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതായത്
ജീവിത പ്രതിസന്ധികളെ ആ വ്യക്തി എങ്ങനെ സമീപിക്കുന്നു
എന്നതിനനുസരിച്ചാവും അയാളുടെ മാനസികാരോഗ്യം.
കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
മുതിർന്നവരുടെ ഇടയിലെ ആത്മഹത്യകളെപ്പറ്റിയും പ്രതിരോധമാർഗങ്ങളെപ്പറ്റിയും ധാരാളം ചർച്ചകൾ നടക്കുന്പോഴും കുട്ടികളിലെ ആത്മഹത്യ കാര്യമായി ശ്രദ്ധ കൊടുക്കാത്ത ഒരു മേഖലയാണ്. ഈ അടുത്ത കാലത്ത് കേൾക്കുന്ന കുട്ടികളിലെ ആത്മഹത്യാവാർത്തകൾ അത്ര ശുഭകരമല്ല.
വളരെ ചെറിയ കുട്ടികളിൽ ആത്മഹത്യാ പ്രവണത വളരെ കുറവാണ്. കാരണം, ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ആത്മഹത്യ കൃത്യമായി പ്ലാൻ ചെയ്യാൻ ചെറിയ കുട്ടികൾക്കു കഴിയാറില്ല.
മിക്കവാറും ആത്മഹത്യാ പ്രവണത ചെറിയ കുട്ടികൾ കാണിക്കുന്നത് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നങ്ങൾ കൊണ്ടായിരിക്കും. എന്നാൽ മുതിർന്ന കുട്ടികളിലെ ആത്മഹത്യാ പ്രവണതയുടെ പ്രധാന കാരണങ്ങൾ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പഠനവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളാകും. പ്രണയ ബന്ധങ്ങളുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നങ്ങൾ, വിഷാദരോഗം, ലഹരി
ഉപയോഗം തുടങ്ങിയവയും കാരണമാകാറുണ്ട്.
(തുടരും)