പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം.
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പത്രക്കടലാസുകളോ മറ്റു സാധാരണ പേപ്പറുകളോ, പ്ലാസ്റ്റിക് ബാഗുകളോ, പ്ലാസ്റ്റിക് പേപ്പറുകളോ ഭക്ഷണവിഭവങ്ങൾ പൊതിയാൻ ഉപയോഗിക്കരുത്. ചപ്പാത്തി പോലെയുള്ള പലഹാരങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ബട്ടർ പേപ്പർ ഉപയോഗിക്കാം. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷണം ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കുന്നതാണ് ആരോഗ്യകരം.
സുരക്ഷിതം സ്റ്റെയിൻലസ് സ്റ്റീൽ ലഞ്ച് ബോക്സ്
* സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ച ലഞ്ച് ബോക്സുകളാണ് ഏറ്റവും സുരക്ഷിതം. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചവ ഉപയോഗിക്കാമെന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുവെങ്കിലും പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾ ഉപേക്ഷിക്കുകയാണ് അഭികാമ്യം .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി നമ്മുടെ സർക്കാരും ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
* ലഞ്ച്ബോക്സ് നന്നായി കഴുകി വൃത്തിയാക്കി ജലാംശം ഉണങ്ങിയ ശേഷമേ പാകം ചെയ്ത ഭക്ഷണം നിറയ്ക്കാവൂ.
* പായ്ക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കാനെടുക്കുന്പോൾ അരുചിയോ ചീഞ്ഞ ഗന്ധമോ അനുഭവപ്പെട്ടാൽ അത്തരം ഭക്ഷണം കഴിക്കരുത്.
കുട്ടികളുടെ ലഞ്ച്ബോക്സിൽ എന്തൊക്കെ?
* കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്നും ഒരേതരം വിഭവങ്ങൾ മാത്രം നിറച്ചു നല്കരുത്. ഓരോ ദിവസവും വ്യത്യസ്തതയുള്ള വിഭവങ്ങൾ നല്കാം. ശരീരത്തിനാവശ്യമായ എല്ലാത്തരം പോഷകങ്ങളും ലഭിക്കുന്നതിന് അതു ഗുണപ്രദം.
* പ്രാദേശികമായി ലഭിക്കുന്നതും സീസൺ അനുസരിച്ചു കിട്ടുന്നതുമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. വിവിധ നിറങ്ങളിലുള്ള ഭക്ഷണവിഭവങ്ങൾ ഭക്ഷണം കഴിക്കാൻ കുട്ടികൾക്കു പ്രേരണ നല്കും. കൂടാതെ നിറമുള്ള പഴങ്ങളും പച്ചക്കറികളും വിവിധതരം പോഷകങ്ങൾ കൊണ്ടു സന്പന്നവുമാണ്. മാത്രമല്ല, പല ഫലങ്ങളും വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്നവ ആയതിനാൽ വില നല്കേണ്ടതില്ല. പ്രാദേശികമായി വാങ്ങാനാകുന്നവയ്ക്കു നിസാര വില മാത്രമേ ഉണ്ടാവൂ. ഗുണവം രുചിയും മെച്ചം.
* ഇഡ് ലി, ഉപ്പുമാവ് തുടങ്ങിയവ തയാറാക്കുന്പോൾ പ്രാദേശികമായി ലഭിക്കുന്ന ചീര പോലെയുള്ള ഇലകൾ അതിൽ നുറുക്കി ചേർക്കാം. വിഭവം പോഷകസമൃദ്ധവും രുചികരവും ആകർഷകവുമാകാൻ അതു സഹായകം.
* ഏത്തപ്പഴം, ആപ്പിൾ, മാന്പഴം, പേരയ്ക്ക, കൈതച്ചക്ക തുടങ്ങിയ ഫലങ്ങൾ ലഞ്ച്ബോക്സിനെ ആകർഷകവും പോഷകസന്പന്നവുമാക്കുന്നു.
* ലഞ്ച് ബോക്സുകളിൽ നിന്നു ബേക്കറി വിഭവങ്ങളെ പൂർണമായും ഒഴിവാക്കുക. മിക്ക ബേക്കറി പലഹാരങ്ങളുടെയും അടിസ്ഥാനം മൈദയും ആവർത്തിച്ചു ചൂടാക്കിയ എണ്ണയുമാണ്. രണ്ടും ആരോഗ്യജീവിതത്തിനു ഭീഷണിയാണ്.
* ലഞ്ച് ബോക്സിൽ ഇടയ്ക്കിടെ വിവിധതരം നട്സ് ഉൾപ്പെടുത്തുക.
* പീസ, ബർഗർ, പാസ്ത എന്നിവ ആരോഗ്യകരമായ രീതിയിൽ വീട്ടിൽതന്നെ തയാറാക്കി ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാവുന്നതാണ്. പക്ഷേ, അവ തയാറാക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1. തവിടു കളയാത്ത ഗോതന്പുമാവ് ഉപയോഗിക്കുക
2. ധാരാളം പച്ചക്കറികളും ഇലക്കറികളും ചേർക്കണം.
* ചപ്പാത്തി തയാറാക്കുന്പോൾ ഗോതന്പു മാവിനൊപ്പം വിവിധതരം പരിപ്പുകൾ പൊടിച്ചതും ചേർക്കാം. ചീര, ബീറ്റ്റൂട്ട്, മുരിങ്ങയില, കാരറ്റ് എന്നിവ നുറുക്കിയതും ചപ്പാത്തിക്കു കുഴയ്ക്കുന്ന മാവിൽ ചേർക്കാം.
മേൽ സൂചിപ്പിച്ച ഇലകളും പച്ചക്കറികളും ചേർത്തു തയാറാക്കിയ തോരൻ പരുവത്തിലുള്ള കൂട്ടുകറി ചപ്പാത്തി റോളിൽ നിറച്ചതും ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാം.
ശുചിത്വം പ്രധാനം
മാലിന്യം കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് 200ൽപരം അസുഖങ്ങൾ വ്യാപിക്കുന്നത്. അതിസാരം പോലയുള്ള അസുഖങ്ങൾ ജീവനു തന്നെ ഭീഷണിയാണ്. ടൈഫോയ്ഡ്, ഹൈപ്പറ്റൈറ്റിസ് എന്നിവയ്ക്കു മുഖ്യകാരണം അശുദ്ധജലത്തിന്റെ ഉപയോഗമാണ്. അതിനാൽ ഭക്ഷണം തയാറാക്കുന്പോഴും വിളന്പുന്പോഴും വ്യക്തിശുചിത്വം പ്രധാനം.
മാലിന്യം കലർന്ന ഭക്ഷണം അകത്തു ചെന്നാൽ സാധാരണയായി വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഉപ്പും പഞ്ചസാരയും തുല്യ അളവിൽ കലർത്തിയ തിളപ്പിച്ചാറിച്ച വെള്ളം(ഒആർഎസ് ലായനി) നല്കി നിർജ്ജലീകരണം തടയാം. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യണം.
തയാറാക്കിയത്- ടിജിബി