ഹെമിക്രേനിയ എന്നർഥം വരുന്ന പൗരാണിക ആംഗലേയ പദമായ മിഗ്രിം ഫ്രഞ്ച്് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ ഉണ്ടായതാണ് മൈഗ്രേൻ എന്നു ചരിത്രം പറയുന്നു.
ഹെമിക്രേനിയ എന്നു പറഞ്ഞാൽ അർഥാവഭേദകം അഥവാ തലവേദന. തലവേദനയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് 1873-ൽ എഡ്വേർഡ് ലിവിംഗ് ആയിരുന്നു.
എന്നാൽ 1600-ാം നൂറ്റാണ്ടിൽ ആംഗലേയ ഭിഷഗ്വരനായ തോമസ് വില്ലിസ് ആണ് തലവേനയുടെ കാരണങ്ങളെപ്പറ്റി ശാസ്ത്രീയ പഠനങ്ങൾ ആദ്യമായി നടത്തിയതെന്നും രേഖകളുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളിലെ ഘടനാ വ്യതിയാനങ്ങളാണ് തലവേദനയ്ക്ക് കാരണമെന്ന് അദ്ദേഹം കണ്ടെത്തി.
തലവേദന വാസ്തവത്തിൽ…
തലവേദന വാസ്തവത്തിൽ തലച്ചോറിന്റെ വേദനയല്ല. വേദനാ സംവേദന സ്വീകരണികൾ മസ്തിഷ്കത്തിലില്ല എന്നതാണതിന്റെ കാരണം. തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന ഡുറാമാറ്റർ എന്ന സ്തരം വേദനയെ അനുഭവവേദ്യമാക്കുന്ന സുപ്രധാന തന്തുക്കളാൽ നിറഞ്ഞിരിക്കുന്നു. ഡുറാമാറ്ററിലുണ്ടാകുന്ന വലിച്ചിൽ, വീക്കം ഇവ കഠിനവേദനയുണ്ടാക്കുന്നു.
തലച്ചോറിന്റെ അടിവശത്തുള്ള ധമനികൾക്കു ചുറ്റും സുലഭമായുള്ള നാഡിതന്തുക്കൾ വലിയുന്പോഴും വേദനയുണ്ടാകുന്നു. കഴുത്തിന്റെ പിൻവശത്തും തലയ്ക്കു പിറകിലും സംവേദനാജനകങ്ങളായ നാഡികൾ സമൃദ്ധമായുണ്ട്. ഇവിടെയും തലവേദനയുടെ ഉറവിടമാകാം.
തലയോട്ടിക്കു പുറത്തുള്ള മാംസപേശികൾ വലിഞ്ഞു മുറുകുകയും വികസിക്കുകയും ചെയ്യുന്പോൾ അവയ്ക്കുള്ളിലെ തന്തുക്കൾ വേദനയുണ്ടാക്കുന്നു. അതുപോലെ തലയോട്ടിയുടെ ഉപരിതലങ്ങളിലുള്ള ചർമ്മങ്ങളിലെ ധമനികൾ വികസിക്കുന്പോഴും അസഹ്യ വേദനയുണ്ടാകാം.
കൂടാതെ കണ്ണുകൾ, നാസാഗഹ്വരങ്ങൾ, ചെവികൾ തുടങ്ങിയ അവയവങ്ങൾക്കു വീക്കമുണ്ടാകുന്പോൾ കലശലായ തലവേദനയുണ്ടാകാം.
മുഖത്തിന്റെ പാർശ്വഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ട്രൈജെമിനൽ നാഡിയുടെ ക്രമരഹിതമായ ഉത്തേജനവും ദുസ്സഹമായ തലവേദനയ്ക്കു (ട്രൈജെമിനൽ ന്യൂറാർജിയ) കാരണമാകുന്നു.
തലവേദന രണ്ടു തരം
തലവേദനയെ രണ്ടു വിശാല ഗ്രൂപ്പുകളായി തരം തിരിക്കാം. പ്രാഥമിക (പ്രൈമറി) തലവേദന, ദിതീയ (സെക്കൻഡറി) തലവേദന എന്നിവയാണ്.
പ്രൈമറി തലവേദന
വ്യക്തമായ കാരണങ്ങളില്ലാതെയുണ്ടാകുന്നതാണു പ്രൈമറി തലവേദന. അതുകൊണ്ടു രോഗലക്ഷണങ്ങളുടെ വൈവിധ്യം കൊണ്ടാണു വേർതിരിച്ചെടുക്കുന്നത്. പ്രാഥമിക തലവേദനകൾ പ്രധാനമായി മൂന്നായി തിരിക്കാം.
മൈഗ്രേൻ, ക്ലസ്റ്റർ ഹെഡ്എയ്ക്, ടെൻഷൻ ഹെഡ്എയ്ക് എന്നിവയാണ്. കൂടാതെ കലശലായ ചുമ, രതിമൂർച്ഛ, അതിശൈത്യം തുടങ്ങിയവയും പ്രാഥമിക തലവേദനക്കു കാരണമാകാം. 90 ശതമാനം തലവേദനകളും പ്രാഥമികഗണത്തിൽപ്പെടുന്നു.
സെക്കൻഡറി ഹെഡ് എയ്ക്
പ്രത്യേകമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്നതാണ് സെക്കൻഡറി ഹെഡ് എയ്ക്. അമിത രക്തസമ്മർദം, തലച്ചോറിലെ ട്യൂമറുകൾ, മസ്തിഷ്ക സ്തരങ്ങളുടെ വീക്കം (മെനിജൈറ്റിസ്), തലച്ചോറിനേൽക്കുന്ന ആഘാതങ്ങൾ (ട്രൗമ), സ്ട്രോക്ക്, മസ്തിഷ്കത്തിലെ രക്തസ്രാവം, സെർവിക്കൽ സ്പോൻഡിലോസിസ്, ഹൈപ്പോ ഗ്ലൈസേമിയ തുടങ്ങിയവയാണ് ദ്വിതീയ തലവേദനയുടെ പ്രധാന കാരണങ്ങൾ.
മൈഗ്രേൻ ട്രിഗറുകൾ
പ്രൈമറി തലവേദനയുടെ ഉദ്ദീപനഘടകങ്ങളായി പല കാരണങ്ങളും ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മൈഗ്രേൻ ചികിത്സയിൽ ഒൗഷധങ്ങളെക്കാളുപരി ജീവിതശൈലിയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾക്കാണു പ്രാധാന്യം. മൈഗ്രേൻ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങൾ അഥവാ ട്രിഗറുകൾ പ്രസക്തമാണ്.
അവയുടെ പ്രകോപനമാണ് മിക്കപ്പോഴും മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതും. മൈഗ്രേൻ സാധ്യതയുള്ള ഒരു രോഗിക്ക് ഇവ പ്രേരണാഘടകമാകുന്നുവെന്നു സാരം. മൈഗ്രേൻ ഉണ്ടാകുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്തും ഇവയെ പരിചയത്തിലൂടെയും കണ്ടുപിടിക്കണം.
അസാധാരണമായ ഉത്കണ്ഠ, വിഷാദം, മനക്ലേശം, ക്ഷോഭം, അമിതാധ്വാനം, തളർച്ച, കാലാവസ്ഥാ-പരിസ്ഥിതി വ്യതിയാനം, ദീർഘനേരം ടിവി കാണുക, സൂര്യപ്രകാശം, ചൂടുവെള്ളത്തിൽ കുളിക്കുക, ശബ്ദായമാനമായ അന്തരീക്ഷം, പ്രത്യേക ഗന്ധം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ആർത്തവവിരാമം, ആർത്തവം, ഉപവാസം തുടങ്ങിയവയെല്ലാം സവിശേഷ ട്രിഗറുകളാണ്.
എന്നാൽ, ട്രിഗറുകളിൽ ഏറ്റവും പ്രധാനം ഭക്ഷണശൈലിയിൽ പുലർത്തുന്ന സവിശേഷതകൾ തന്നെ. കഴിക്കുന്ന ഭക്ഷണ ഇനങ്ങളും ഭക്ഷണ നേരങ്ങളുമെല്ലാം മൈഗ്രേൻ ഉണ്ടാകുന്നതിന് സുപ്രധാന കാരണങ്ങളാകുന്നുവെന്ന് ഈയടുത്ത കാലത്തു നടന്ന പല പഠനങ്ങളും തെളിയിക്കുന്നു. (തുടരും)
ഡോ. ശുഭ ജോർജ് തയ്യിൽ
സ്പെഷലിസ്റ്റ് ഇൻ ഹെഡ് എയ്ക് കെയർ, ഹെഡ്എയ്ക് കെയർ
സെന്റർ, എറണാകുളം