തിരുവനന്തപുരം: സിനിമാ മേഖലയിൽ ശക്തമായ ലോബികളുണ്ടെന്നും സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്നും ജസ്റ്റീസ് ഹേമ കമ്മീഷൻ. അവസരങ്ങൾക്ക് കിടപ്പറയിലേക്ക് വിളിക്കുന്നവരുണ്ടെന്നും കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അവസരങ്ങൾ, വേതനം എന്നിവയില്‍ പ്രശ്നങ്ങളുണ്ട്. ശക്തമായ ലോബികളാണ് സിനിമ മേഖല നിയന്ത്രിക്കുന്നത്. ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും ഈ ലോബികളാണ്. സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തണം. പ്രശ്നപരിഹാരത്തിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും റിപ്പോർട്ട് നിര്‍ദേശിക്കുന്നു. മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ഇടപെടല്‍ ഫലപ്രദമാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 300 പേജുള്ള റിപ്പോർട്ടിനൊപ്പം ദൃശ്യ, ശ്രാവ്യതെളിവുകളും നൽകി.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. 2018 ഏപ്രിൽ മാസം ആണ് കമ്മീഷനെ നിയോഗിച്ചത്. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഡബ്ല്യുസിസി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷപ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്.