എംജെ ശ്രീജിത്ത്
തിരുവനനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ സൗമ്യമുഖമായ ഫയർഫോഴ്സ് മേധാവിയും ഡിജിപിയുമായ എ.ഹേമചന്ദ്രൻ നാളെ വിരമിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് ഡിജിപിയായിരുന്ന എ.ഹേമചന്ദ്രൻ ഡിജിപിയാകുമെന്നാണ് ഏവരും കരുതിയിരുന്നത്.
എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആദ്യം ഇന്റലിജൻസ് ഡിജിപി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി. അതിനു ശേഷം ട്രാൻസ്പോർട്ട് കമ്മീഷണറും കെഎസ്ആർടിസി എംഡിയുമാക്കി. അതിനു ശേഷമാണ് ഫയർഫോഴ്സ് ഡയറക്ടറാക്കിയത്.
കഴിഞ്ഞ രണ്ടുവർഷമായി ഫയർഫോഴ്സിനെ നയിക്കുന്ന അദ്ദേഹത്തിന്റെ നേതൃപാടവം പ്രളയകാലത്തും ഈ കോവിഡു കാലത്തുമെല്ലാം മലയാളി കണ്ടതാണ്.
പ്രളയത്തിൽ കേരളം നടുങ്ങി നിന്നപ്പോൾ കേരള ജനതയെ രക്ഷിക്കാൻ കേരള ഫയർഫോഴ്സിനെ 24 മണിക്കൂറും കർമനിരതരാക്കി നിർത്താൻ അദ്ദേഹം ചെലുത്തിയ പരിശ്രമം കേരളം കണ്ടതാണ്.
24 മണിക്കൂറും ഫയർഫോഴ്സ് ആസ്ഥാനത്തു കോൾസെന്റർ തുറന്നു വച്ച് അദ്ദേഹം ഉറങ്ങാതെയിരുന്നു. തങ്ങളെ രക്ഷിച്ച രക്ഷകനെ നേരിട്ടു കണ്ടും ഫോണിലൂടേയും നന്ദി അറിയിച്ചവരുടെ കണക്ക് ചെറുതല്ല.
തൃശൂർ പോലീസ് അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കാനും ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവാൻമാരാക്കാൻ സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം നൽകാൻ അശ്രാന്ത പരിശ്രമം തന്നെ നടത്തി.
ജനങ്ങളെക്കൂടി ഉൾപ്പെടുത്തി രക്ഷാ പ്രവർത്തനം നടത്തുന്ന കമ്യൂണിറ്റി റെസ്റ്റ് വോളണ്ടിയർ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും സെഫ്റ്റി ബീറ്റ് ഓഫീസർ തസ്തികയുണ്ടാക്കി.
ഫയർ ആന്റ് റെസ്ക്യൂ എന്നും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എന്ന പോസ്റ്റുകൾ ഉണ്ടാക്കി തന്റെ കീഴിലെ ജീവനക്കാരുടെ ആത്മവിശ്വാസം അദ്ദേഹം ഉയർത്തി എടുത്തു. ഫോഴ്സിലേയ്ക്ക് വനിതകളെ പിഎസ് സി വഴി റിക്യൂട്ട് ചെയ്തു നിയമിക്കാനുള്ള സുപ്രധാന തീരുമാനത്തിന് അദ്ദേഹം ചുക്കാൻ പിടിച്ചു.
ഈ കോവിഡ് കാലത്താകട്ടെ ഒന്നും ചെയ്യാനില്ലെന്ന് ഏവരും കരുതിയ ഫയർഫോഴ്സിന്റെ സാന്നിധ്യം സജീവമാണ്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദം ശേഷം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലി ചെയ്യവെയാണ് അദ്ദേഹത്തിന് 1986ൽ ഐപിഎസ് ലഭിക്കുന്നത്.
തിരുവനന്തപുരം ആലപ്പുഴ തൃശൂർ ജില്ലകളിൽ എസ്പിയായിയായിരുന്ന അദ്ദേഹം തിരുവനന്തപുരം ഡിഐജിയായ ശേഷം എറണാകുളം, തിരുവനന്തപുരം കണ്ണൂർ റെയ്ഞ്ച് ഐജിയായി പ്രവർത്തിച്ച ശേഷം സൗത്ത് സോൺ എഡിജിപി, ഇന്റലിജൻസ് എഡിജിപി,ഡിജിപി പദവികളിലിരുന്ന അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവി ട്രാൻസ്പോർട്ട് കമ്മീഷണർ കെഎസ്ആർടിസി സിഎംഡി, ഫയർഫോഴ്സ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് മൂന്നു പതിറ്റാണ്ട് നീണ്ട സർവീസ് ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്.
കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സോളാർ കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഹേമചന്ദ്രനായിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് ഈ സർക്കാരിലെ പലരുമായി അദ്ദേഹത്തിന് ഇടയേണ്ടി വന്നിട്ടുണ്ട്.
തന്റെ സ്ഥാനമാനങ്ങൾക്കു വേണ്ടി ആരുടെ മുന്നിലും കൈ നീട്ടി നിൽക്കാത്ത സത്യസന്ധനും കർമനിരതനുമായ ഉദ്യോഗസ്ഥനായി തന്നെയാണ് അദ്ദേഹത്തിന്റെ സർവീസ് ജീവിതം കടുന്നു പോകുന്നത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയും പോലീസ് മെഡൽ നേടിയിട്ടുള്ള അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം പരിശിലനവും നേടിയിട്ടുണ്ട്. 2002- 2007 കാലയളവിൽ കേന്ദ്ര ഡെപ്യൂട്ടേഷന്റെ ഭാഗമായി ഹൈദ്രാബാദ് പോലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.