കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനു പിന്നാലെ പ്രതീക്ഷയോടെയും ആശങ്കയോടെയും സിനിമാലോകം.
മൊഴി നല്കിയവരെയും ആരോപണവിധേയരെയും തിരിച്ചറിയുന്ന വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ലെങ്കിലും ഇത് പുതിയ തുടക്കത്തിന് വഴി തുറക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അടക്കം വിലയിരുത്തുന്നു.
അതേസമയം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഒരുവിഭാഗം ആളുകളുടെ പെരുമാറ്റരീതിയും പ്രവൃത്തികളും മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുമോയെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ ആശങ്ക. എങ്കിലും മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ എത്രത്തോളം അരക്ഷിതരാണെന്നും അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും.
സിനിമാമേഖലയിലെ സ്ത്രീകള്‍ ലൈംഗികപീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണു വിവരം. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണസ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരേ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കടുത്ത ചൂഷണങ്ങള്‍ കമ്മീഷന് കണ്ടെത്തിയിരുന്നു.
റിപ്പോര്‍ട്ട് ലഭിച്ച് അഞ്ചു വര്‍ഷമായിട്ടും ഇത്തരം മൊഴികളില്‍ സര്‍ക്കാര്‍ എന്തു നിയമനടപടി സ്വീകരിച്ചുവെന്ന ചോദ്യവും ഇതോടൊപ്പം ഉയരും.